സ്വന്തം ലേഖകന്‍: ഇന്‍ഡിഗോ എയര്‍ഹോസ്റ്റസിനെ കണ്ട് മനസിളകി, ഹിന്ദുമഹാസഭാ നേതാവടക്കം മൂന്നു പേര്‍ പിടിയില്‍. വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിന് ഹിന്ദുമഹാസഭാ നേതാവടക്കം മൂന്നുപേര്‍ അറസ്റ്റിലായി. വ്യാഴാഴ്ച രാത്രി പത്തിന് കോയമ്പത്തൂരില്‍നിന്ന് ചെന്നൈക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.
അഖിലഭാരത് ഹിന്ദുമഹാസഭ തമിഴ്‌നാട് ഘടകം വൈസ് പ്രസിഡന്റ് സുഭാഷ് സ്വാമിനാഥന്‍, അഭിഭാഷകരായ സെന്തില്‍കുമാര്‍, രാജ എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. വിമാനത്തില്‍ ഇവരിലൊരാള്‍ എയര്‍ഹോസ്റ്റസിന്റെ ഫോട്ടോ മൊബൈല്‍ഫോണില്‍ പകര്‍ത്തി. എയര്‍ഹോസ്റ്റസ് ഇത് തടഞ്ഞതോടെ ബഹളമായി.
വിമാനത്തിലുണ്ടായ മറ്റു യാത്രക്കാര്‍ ഇവരുടെ നടപടിയില്‍ പ്രതിഷേധിച്ചതോടെ ബഹളം മൂര്‍ച്ഛിച്ചു. മൂന്നുപേരെയും വിമാനത്തില്‍നിന്നു പുറത്താക്കിയില്ലെങ്കില്‍ ഇറങ്ങിപ്പോവുമെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പൈലറ്റ് സംഭവം വിമാനത്താവളാധികൃതരെ അറിയിച്ചു. വിമാനത്താവളാധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസെത്തി മൂന്നുപേരെയും അറസ്റ്റുചെയ്തു. മൂന്നുപേരും മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല