സ്വന്തം ലേഖകൻ: ഇന്ത്യന്‍ വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ചുവടുവെപ്പിനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ. എയര്‍ബസില്‍ നിന്ന് ഒറ്റത്തവണയായി 500 A320 വിമാനങ്ങള്‍ വാങ്ങുമെന്ന് ഇന്‍ഡിഗോ തിങ്കളാഴ്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അടുത്തിടെ എയര്‍ ഇന്ത്യ ഒപ്പിട്ട 470 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന് പിന്നാലെയാണ് ഇന്‍ഡിഗോയുടെ പുതിയ നീക്കം.
വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ജൂണ്‍ 19 ന് പാരിസ് എയര്‍ ഷോയില്‍വെച്ച് ഇന്‍ഡിഗോ ബോര്‍ഡ് ചെയര്മാന് വി. സുമന്ത്രനും ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സും എയര്‍ബസ് സിഇഒ ഗില്ലോം ഫോറിയും എയര്‍ബസ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ആന്‍ഡ് ഹെഡ് ഓഫ് ഇന്റര്‍നാഷണല്‍ ക്രിസ്റ്റിയന്‍ ഷെററും ചേര്‍ന്ന് ഒപ്പുവെച്ചു. വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ വിപണന കരാറാണിതെന്ന് എയര്‍ബസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഈ പുതിയ കരാര്‍ ഇന്‍ഡിഗോയും എയര്‍ബസും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഇന്‍ഡിഗോ കുറിപ്പില്‍ പറഞ്ഞു. കമ്പനി പ്രവര്‍ത്തനമാരംഭിച്ച 2006 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ എയര്‍ബസില്‍ നിന്ന് 1,330 വിമാനങ്ങള്‍ വാങ്ങിയതായും കുറിപ്പില്‍ ഇന്‍ഡിഗോ വ്യക്തമാക്കി. ഇന്ധനക്ഷമത കൂടുതലുള്ള A320NEO വിമാനങ്ങള്‍ പ്രവര്‍ത്തനചെലവ് കുറയ്ക്കുമെന്നും അതിലൂടെ കൂടുതല്‍ മികച്ച സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാകുമെന്നും ഇന്‍ഡിഗോ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല