
സ്വന്തം ലേഖകൻ: ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കുള്ള പ്രതിദിന നോൺ-സ്റ്റോപ് ഫ്ലൈറ്റ് ജൂൺ 13ന് തുടങ്ങുമെന്ന് ഇൻഡിഗോ അറിയിച്ചു. ബഹ്‌റൈൻ- മുംബൈ പ്രതിദിന നോൺ-സ്റ്റോപ് ഫ്ലൈറ്റ് വിജയകരമായതിനെ തുടർന്നാണിത്. റീജൻസി ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന അത്താഴവിരുന്നിൽ യൂനിറ്റാഗ് ഗ്രൂപ് സി.ഇ.ഒ ഹിഷാം എൽ സാദി, ഇൻഡിഗോ ഇന്റർനാഷനൽ സെയിൽസ് വൈസ് പ്രസിഡന്റ് വിശേഷ് ഖന്ന തുടങ്ങിയവർ പങ്കെടുത്തു. എയർലൈനിന്റെ പുതിയ സർവിസുകളെയും സേവനങ്ങളെയും കുറിച്ചുള്ള അവതരണവും നടന്നു.
അതിനിടെ രാജ്യത്ത് ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കാനുള്ള തീരുമാനവുമായി ബഹ്‌റൈൻ ട്രാഫിക് വിഭാഗം. രാജ്യത്ത് ഗതാഗത നിയമലംഘനം നടത്തി പിടിയിലാകുന്ന പ്രവാസികളായ ഡ്രൈവർമാർ നാടുകടത്തൽ അടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് ട്രാഫിക് വിഭാഗം അഡ്വ. ജനറൽ അറിയിച്ചു.
നിയമലംഘനത്തിന്റെ പേരിൽ പിടിക്കപ്പെടുന്ന ഡ്രൈവർമാരെ പിഴ അടച്ച് രക്ഷപ്പെടാൻ അനുവദിക്കുന്നതിന് പകരം അവർക്കെതിരെ കേസ് ചാർജ് ചെയ്ത് വിചാരണക്കായി കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങളും തുടർന്നുണ്ടാവുന്ന റോഡ് അപകടങ്ങളും വലിയ തോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ട്രാഫിക് നിയമ ലംഘനങ്ങളെ കർശനമായി നേരിടാൻ അധികൃതർ തീരുമാനം എടുത്തിരിക്കുന്നത്.
അടുത്ത കാലത്തായി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ട്രാഫിക് നിയമലംഘനങ്ങളുടെയും അപകടങ്ങളുടെയും നിരക്കിലെ വർധനവ് അതീവ ഗൗരവതരമായ സ്ഥിതി വിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല