സ്വന്തം ലേഖകന്‍: ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ, പുതിയ സര്‍വീസ് ഏപ്രില്‍ രണ്ടാം വാരത്തില്‍ തുടങ്ങും. ദോഹയില്‍ നിന്ന് കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഉള്‍പ്പടെ ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ഇന്‍ഡിഗോ പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. ചെലവ് കുറഞ്ഞ യാത്രയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഏപ്രില്‍ രണ്ടാം വാരത്തില്‍ സര്‍വ്വീസ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
ദോഹയില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ അന്താരാഷ്ട്ര തലത്തില്‍ ഏഴാമത് സര്‍വീസിനാണ് ഇന്‍ഡിഗോ തുടക്കം കുറിക്കുന്നത്. നേരത്തേ, മാര്‍ച്ച് 20ന് ഇന്‍ഡിഗോ ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്നും ഏപ്രില്‍ എട്ടിന് ഷാര്‍ജയിലേക്ക് സര്‍വീസ് ആരംഭിക്കാനിരിക്കുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.
ഗള്‍ഫ് മേഖലയിലും സാന്നിധ്യം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ദോഹയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കാന്‍ ഇന്റിഗോ എയര്‍ലൈന്‍സ് തീരുമാനിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യയ്ക്കും ജെറ്റ് എയര്‍വെയ്‌സിനും ശേഷം ഇന്ത്യന്‍ നഗരങ്ങളിലേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ കമ്പനിയാണ് ഇന്റിഗോ. ഇന്ത്യയിലെ ആഭ്യന്തര സര്‍വ്വീസുകളില്‍ ചെലവു കുറഞ്ഞു സര്‍വ്വീസ് നടത്തുന്ന ഏറ്റവും വലിയ ഇന്ത്യന്‍ എയര്‍ലൈന്‍ കൂടിയാണ് ഇന്റിഗോ.
ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വേയ്‌സ് എന്നീ രണ്ട് വിമാന കമ്പനികള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല