സ്വന്തം ലേഖകൻ: ഭിന്നശേഷിയുള്ള കുട്ടിയെ യാത്ര ചെയ്യാൻ അനുവദിക്കാതിരുന്ന സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) ഇൻഡിഗോ എയർലൈൻസിനു പിഴ ചുമത്തിയത്. തീർത്തും മോശമായ രീതിയിലാണ് ഇൻഡിഗോ എയർലൈൻസിന്റെ ഗ്രൗണ്ട് സ്റ്റാഫ് ഭിന്നശേഷിയുള്ള കുട്ടിയെ കൈകാര്യം ചെയ്തതെന്നും, ഇത് പ്രശ്നം കൂടുതൽ വഷളാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഡിജിസിഎ അറിയിച്ചു.
‘ഏറ്റവും ദയാപൂർവമുള്ള പെരുമാറ്റം ഉണ്ടായിരുന്നെങ്കിൽ കുട്ടിയുടെ അസ്വസ്ഥത മാറുകയും കുട്ടി ശാന്തനാവുകയും ചെയ്യുമായിരുന്നു. മാത്രമല്ല, യാത്രക്കാരെ വിമാനത്തിൽ കയറുന്നതിൽനിന്ന് തടഞ്ഞ കഠിനമായ നടപടി ഒഴിവാക്കുകയും ചെയ്യാമായിരുന്നു.’’ – ഡിജിസിഎ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ മേയ് ഏഴിനാണ് റാഞ്ചി വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസ് ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചത്. കുട്ടി പരിഭ്രാന്തിയിലായതിനാൽ വിമാനയാത്ര അനുവദിക്കാനാകില്ലെന്നും മറ്റു യാത്രക്കാരുടെ സുരക്ഷ പ്രധാനമാണെന്നുമായിരുന്നു ഇൻഡിഗോയുടെ നിലപാട്. കുടുംബവും മറ്റു യാത്രക്കാരും എതിർത്തപ്പോൾ കമ്പനിയുടെ പ്രതിനിധി ഇവരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. സഹയാത്രിക മനീഷ ഗുപ്തയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിവരം പുറംലോകത്തെ അറിയിച്ചത്.
സംഭവം വിവാദമായതോടെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇതിൽ ഇടപെട്ടിരുന്നു. ജീവനക്കാരിൽനിന്ന് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും വിമാനക്കമ്പനിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും വ്യക്തിപരമായിത്തന്നെ വിഷയത്തിൽ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉടൻ തന്നെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിസിഎ ഇൻഡിഗോയോട് നിർദേശിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ എയർലൈൻസ് ജീവനക്കാരുടെ നടപടിയിൽ ഖേദം പ്രകടിപ്പിച്ച് ഇൻഡിഗോ എയർലൈൻസ് സിഇഒ റോണോജോയ് ദത്ത രംഗത്തെത്തി. കുട്ടിക്കായി ഇലക്ട്രിക് വീൽചെയർ വാങ്ങിനൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല