സ്വന്തം ലേഖകൻ: സഹയാത്രികന്റെ മൊബൈലിൽ വന്ന സന്ദേശത്തിൽ സംശയം തോന്നിയ യുവതിയുടെ പരാതിയെ തുടർന്ന് മംഗളൂരു–മുംബൈ ഇൻഡിഗോ വിമാനം ആറ് മണിക്കൂർ വൈകി. ഞായറാഴ്ച രാത്രി മുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വിമാനത്തിൽവെച്ച് സഹയാത്രികന്റെ മൊബൈലിൽ വന്ന സന്ദേശം ഒരു യുവതി കാബിൻ ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇവർ എയർ ട്രാഫിക് കൺട്രോളറെ വിവരമറിയിച്ചു. ടേക്ക് ഓഫിനായി തയാറായിരുന്ന വിമാനം ഇതോടെ ബേയിലേക്ക് തിരികെ കൊണ്ടുവന്നു. തുടർന്ന് എല്ലാ യാത്രക്കാരോടും വിമാനത്തിൽനിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ലഗേജ് വീണ്ടും പരിശോധിക്കുകയും ചെയ്തു.
പെൺസുഹൃത്തുമായി ചാറ്റ് ചെയ്യുകയായിരുന്നു യാത്രികനെന്ന് സിറ്റി പൊലീസ് കമീഷണർ ശശികുമാർ പറഞ്ഞു. പെൺസുഹൃത്ത് ബംഗളൂരുവിലേക്ക് പോകാൻ ഇതേ വിമാനത്താവളത്തിൽ കാത്തിരിക്കുകയായിരുന്നു. സുരക്ഷയെക്കുറിച്ച് ഇരുവരും തമ്മിലുള്ള സൗഹൃദ ചാറ്റിങ് ആണ് തെറ്റിദ്ധാരണ പരത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇരുവരുടെയും ചോദ്യംചെയ്യൽ മണിക്കൂറുകൾ നീണ്ടു. തുടർന്ന് വൈകീട്ട് അഞ്ചോടെയാണ് 185 യാത്രക്കാരുണ്ടായിരുന്ന വിമാനം മംഗളൂരുവിലേക്ക് പുറപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല