1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2023

സ്വന്തം ലേഖകൻ: ഇന്‍ഡിഗോ വിമാനങ്ങളിലെ യാത്രകള്‍ക്ക് ഇനി ചെലവേറും. അന്താരാഷ്ട-ആഭ്യന്തര വിമാന ടിക്കറ്റുകളിൽ 300 മുതല്‍ 1000 രൂപ വരെ വര്‍ദ്ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ (ATF) വില വര്‍ദ്ധനവാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിന് കാരണമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഒക്ടോബര്‍ ആറ് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

ഇന്ധന വില വലിയതോതിൽ വർധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. കഴിഞ്ഞ മൂന്ന് മാസമായി ഇന്ധനവില വർധിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനിയുടെ പ്രവര്‍ത്തനച്ചെലവിന്റെ ഗണ്യമായ ഭാഗവും ഇന്ധനത്തിന് വേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു.

500 കിലോമീറ്റര്‍ വരെയുള്ള യാത്രയുടെ ടിക്കറ്റിന് 300 രൂപയാണ് വർധിക്കുക. 1001 മുതല്‍ 1500 കിലോമീറ്റര്‍ വരെ 550 രൂപയും 1501-2500 കിലോമീറ്ററിന് 650 രൂപയും അധികമായി നല്‍കണം. 2501 മുതല്‍ 3500 കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് 800 രൂപ, 3501 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് 1000 രൂപയും ഇന്ധന ചാർജായി കൂടുതൽ ഈടാക്കും. ഇൻഡിഗോയെ പിന്തുടർന്ന് മറ്റു കമ്പനികളും നിരക്ക് വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.

അറുപത് ശതമാനത്തിലധികം ആഭ്യന്തര വിപണി വിഹിതമുള്ള ഇന്‍ഡിഗോ പ്രതിദിനം 1,900-ലധികം സർവീസുകളാണ് നടത്തുന്നത്. 2018-ല്‍ വിമാനക്കമ്പനികള്‍ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇന്ധന വിലയിൽ കുറവുണ്ടായതിനെ തുടർന്ന് ക്രമേണ ഇത് ഒഴിവാക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.