
സ്വന്തം ലേഖകൻ: ഇന്‍ഡിഗോ വിമാനത്തിലെ കുഷ്യന്‍ ഇല്ലാത്ത സീറ്റിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. സുബ്രത് പട്‌നായിക് എന്ന യാത്രക്കാരനാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ചിത്രം പങ്കുവെച്ചത്. 6E 6798 നമ്പര്‍ പൂനെ- നാഗ്പൂര്‍ വിമാനത്തില്‍ ഞായറാഴ്ചയാണ് സംഭവം. തനിക്ക് അനുവദിച്ച 10A വിന്‍ഡോ സീറ്റാണ് കുഷ്യന്‍ ഇല്ലാത്ത അവസ്ഥയില്‍ പടനായിക് കണ്ടത്. തുടര്‍ന്ന് ദൃശ്യം എക്‌സില്‍ പങ്കുവെക്കുകയായിരുന്നു.
ചിത്രം സമൂഹമാധ്യമങ്ങളിടലടക്കം വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ”ചിലപ്പോള്‍ ഇതൊരു പരീക്ഷണമായിരിക്കാം. കുഷ്യന് 250 മുതല്‍ 500 രൂപവരെ അധികതുക ഈടാക്കുന്നതിലേക്ക് ഇന്നല്ലെങ്കില്‍ നാളെ ഇന്‍ഗിഗോ മാറാം” എന്നായിരുന്നു ഒരാളുടെ പ്രതികരണം. ഇന്‍ഗിഗോ എയര്‍ലൈന്‍സിന്റെത് വളരെമോശം സേവനമാണെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
അതേസമയം, സംഭവം ചര്‍ച്ചയായതോടെ ഇന്‍ഡിഗോ ക്ഷമാപണവുമായെത്തി. ”ഇത് തീര്‍ച്ചയായും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ചില സമയത്ത് സീറ്റില്‍നിന്ന് കുഷ്യന്‍ വേര്‍പ്പെട്ട് പോവാറുണ്ട്. ഞങ്ങളുടെ സംഘാംഗങ്ങളുടെ സഹായത്തോടെ പ്രശ്‌നം പരിഹരിക്കും. കൂടാതെ നിങ്ങള്‍ ചൂണ്ടികാണിച്ച പ്രശ്‌നം ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറും. താങ്കള്‍ക്ക് ഭാവിയില്‍ മികച്ചസേവനം ഉറപ്പാക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു” – ഇന്‍ഡിഗോ എയര്‍ലൈന്‍സ് എക്‌സില്‍ കുറിച്ചു.
ഇന്‍ഡിഗോക്കെതിരെ മുമ്പും പലരും രംഗത്തെത്തിയിരുന്നു. സിനിമതാരങ്ങളായ പൂജാഹെഗ്‌ഡെയും റാണാ ഡഗ്ഗുബട്ടിയും ഇന്‍ഡിഗോയുടെ മോശം സേവനത്തിനെതിരെ പ്രതികരിച്ചിരുന്നു. വളരെ മോശം യാത്രാ അനുഭവമാണ് ഇന്‍ഡിഗോയിലേത് എന്നായിരുന്നു 2022ല്‍ ഡഗ്ഗുബാട്ടി പറഞ്ഞത്. തന്റെ ലഗേജ് കാണാതായതിനെതുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്‍ഡിഗോ ജീവനക്കാര്‍ തന്നോട് യാതൊരു കാരണവുമില്ലാതെ അഹങ്കാരത്തോടെ പെറിമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ഹെഗ്‌ഡെ പറഞ്ഞത്. റാഞ്ചിയില്‍ ഭിന്നശേഷിക്കാരനെ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കാഞ്ഞതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അഞ്ചുലക്ഷം രൂപ ഇന്‍ഡിഗോയ്ക്ക് കഴിഞ്ഞവര്‍ഷം പിഴയിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല