സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തിയിലേക്ക് ഇന്ത്യ അയച്ച സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്ന് ചൈന, യുദ്ധം ആസന്നമെന്ന് നിരീക്ഷികരുടെ മുന്നറിയിപ്പ്. സിക്കിം അതിര്‍ത്തിയില്‍ ചൈനയുടെ പട്ടാളം നിര്‍മിക്കുന്ന പാതയുടെ പണി തടസ്സപ്പെടുത്താനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം നിലവിലിരുന്ന നിലപാടിനെ വഞ്ചിക്കുന്നതാണെന്നു ചൈന ആരോപിച്ചു. ചൈനയുടെ പട്ടാളം നിര്‍മിക്കുന്ന പാതയുടെ പണി തടസ്സപ്പെടുത്താനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പുതിയ നീക്കം ഇന്ത്യയിലെ സര്‍ക്കാരുകള്‍ തുടര്‍ച്ചയായി സ്വീകരിച്ചിരുന്ന നിലപാടുകളെ ഒറ്റിക്കൊടുക്കലാണെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജനറല്‍ ഷുവാങ് ചൂണ്ടിക്കാട്ടി.
ഇന്ത്യ ചൈന യുദ്ധത്തിന് സാധ്യതയെന്ന് ചൈനീസ് നിരീക്ഷകര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം എത്രയും വേഗം പരിഹരിക്കണമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിലാണ് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ ഒരു സംഘര്‍ഷമുണ്ടായാല്‍ അതില്‍ നിന്ന് നേട്ടം കൊയ്യാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മികച്ച ബന്ധം ഇരുരാജ്യങ്ങള്‍ക്കും നേട്ടമാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
യുദ്ധസാധ്യതയില് ഊന്നുന്നതിനു പകരം ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെയും സന്ധിസംഭാഷണങ്ങളിലൂടെയും പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണു വേണ്ടതെന്നും പത്രം അഭിപ്രായപ്പെട്ടു. ഇന്ത്യ കൂടുതല്‍ സൈനികരെ അതിര്‍ത്തിയിലേക്ക് അയച്ചതാണ് ചൈനയെ പ്രകോപിപ്പിച്ചത്. ഇരുരാജ്യങ്ങളുടെയും സൈനികര്‍ നേര്‍ക്കുനേര്‍ നില്ക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ നീക്കം. 1962ലെ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ഇത്ര രൂക്ഷമായ സംഘര്‍ഷം ഇതാദ്യമാണ്. നേരത്തെ ഇന്ത്യന്‍ ഭാഗത്തേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളം ഇന്ത്യയുടെ രണ്ടു ബങ്കറുകള്‍ തകര്‍ത്തിരുന്നു.
ബങ്കറുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം തങ്ങളുടേതാണെന്നും, ഇന്ത്യയ്ക്കോ ഭൂട്ടാനോ ഈ മേഖലയില്‍ യാതൊരു അവകാശവുമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചൈനയുടെ നടപടി.യുദ്ധസമാന സാഹചര്യമില്ലെങ്കിലും, ഏതുനിമിഷവും ഉണ്ടായേക്കാവുന്ന പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്കാന് സേനയെ സജ്ജമാക്കിയിട്ടുണ്ട്. അതിനിടെ, 1962 മറക്കരുതെന്ന ചൈനീസ് മാധ്യമങ്ങളുടെ ഭീഷണിക്കു, 62ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്നു പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി ചുട്ട മറുപടി നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല