സ്വന്തം ലേഖകന്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യയുടെ തിരിച്ചടി, അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു, മേഖല സംഘര്‍ഷ ഭരിതം. പാക് പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുകയായിരുന്നു. വെടിവെപ്പില്‍ അഞ്ച് പാകിസ്താന്‍ സൈനികരെ വധിച്ചതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. പുഞ്ച് നൗഷേര ഭീംബര്‍ മേഖലകളിലെ തുടര്‍ച്ചയായ പാക് പ്രകോപനത്തിനാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്.
ആറ് പാകിസ്താന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദിവസങ്ങളായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം നടത്തുകയാണ്. അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ വര്‍ദ്ദിച്ചിട്ടുണ്ട്. സൈനികരെ വധിച്ചതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ഇന്ത്യയെ പ്രതിഷേധമറിയിച്ചു. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമീഷണറെയാണ് പാകിസ്താന്‍ പ്രതിഷേധമറിയിച്ചത്.
അതേസമയം അതിര്‍ത്തിയില്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ തന്നെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനമെന്നാണ് സൂചന. നിയന്ത്രണരേഖയില്‍ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലും പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടിയിലും പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചു കനത്ത ആക്രമണം അഴിച്ചു വിടുകയായിരുന്നു. തിരിച്ചടിച്ച ഇന്ത്യന്‍ സേന നിയന്ത്രണരേഖയിലെ ഭീംഭര്‍, ബറ്റാല്‍ സെക്ടറുകളിലെ പാകിസ്താന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല