സ്വന്തം ലേഖകന്‍: ഇന്തൊനീഷ്യയിലെ ഭൂകമ്പം; മരണം 319; ഭീതി പരത്തി വീണ്ടും ഭൂമി കുലുങ്ങി. ലൊംബോക്ക് ദ്വീപിലുണ്ടായ ഭൂചലനങ്ങളില്‍ മരണം 319 ആയി. മരണസംഖ്യയെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും വ്യത്യസ്ത കണക്കുകള്‍ പുറത്തുവരുന്നതിനിടെയാണ് ഉന്നതതല യോഗത്തിനു ശേഷം ആഭ്യന്തരസുരക്ഷാ മന്ത്രി വിറാന്റോ ഇക്കാര്യം പുറത്തുവിട്ടത്.
കഴിഞ്ഞ ഞായറാഴ്ചയുണ്ടായ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെ രണ്ടു തുടര്‍ചലനങ്ങള്‍ കൂടി അനുഭവപ്പെട്ടിരുന്നു. 6.2 തീവ്രതയിലുള്ളതായിരുന്നു ഇന്നലത്തെ ഭൂചലനം. ഇനിയും ശേഷിക്കുന്ന കെട്ടിടങ്ങളെല്ലാം ദുര്‍ബലാവസ്ഥയിലാണ്. ദുരന്തബാധിത പ്രദേശങ്ങളില്‍ ശുദ്ധജലവും മരുന്നുകളും എത്തിക്കാനുള്ള പ്രയത്‌നമാണു നടക്കുന്നത്.
അതിനിടെ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായ ദ്വീപില്‍ വന്‍ ഭൂകമ്പം. നേരത്തെ ഇവിടെയുണ്ടായ ഭൂകമ്പത്തില്‍ ഒട്ടേറെ പേര്‍ മരിക്കുകയും നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തതിന് പിന്നാലെയാണ് അടുത്ത ദുരന്തം. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ആദ്യം ചെറിയ പ്രകമ്പനമുണ്ടായ ശേഷമാണ് ശക്തിയേറിയ ഭൂകമ്പമുണ്ടായത്.
ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി.
ഒട്ടേറെ പേര്‍ കെട്ടിടങ്ങള്‍ക്കടിയില്‍പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ദ്വീപിന്റെ വടക്ക് കിഴക്ക് ഭാഗത്തായി ഭൂമിക്കടിയില്‍ 12 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല