1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2018

സ്വന്തം ലേഖകന്‍: ഇന്തൊനീഷ്യയിലെ ഭൂകമ്പം; മരണം 98 ആയി; ഇരുപതിനായിരത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വിനോദസഞ്ചാര ദ്വീപായ ലോംബോക്കില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഭൂചലനത്തിലെ മരണസംഖ്യ 98 ആയി ഉയര്‍ന്നു. ആയിരക്കണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. 200 പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇരുപതിനായിരത്തോളം പ്രദേശവാസികളെ ഒഴിപ്പിച്ചു. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നു ദ്വീപിലെ റോഡുകളും മൂന്നു പാലങ്ങളും തകര്‍ന്നു. ചില മേഖലകള്‍ ഒറ്റപ്പെട്ട നിലയിലാണ്. വൈദ്യുതിവിതരണവും തടസ്സപ്പെട്ടു. ദ്വീപില്‍ കുടുങ്ങിയ 1200 സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പരുക്കേറ്റ നൂറുകണക്കിനാളുകളെ ഭൂചലനത്തില്‍ തകര്‍ന്ന ആശുപത്രിയുടെ വളപ്പിലാണു ചികില്‍സിക്കുന്നത്.

താല്‍ക്കാലിക കൂടാരങ്ങള്‍ നിര്‍മിച്ചാണു രോഗികളെ കിടത്തിയിരിക്കുന്നത്. കടുത്ത മരുന്നുക്ഷാമവുമുണ്ട്. വേണ്ടത്ര ഡോക്ടര്‍മാരുമില്ല. മറ്റൊരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ സമീപത്തെ ബാലിദ്വീപിലും പ്രകമ്പനം അനുഭവപ്പെട്ടു. ലോംബാക്കിലെ പ്രശാന്തസുന്ദരമായ കടലോരങ്ങളുള്ള ചെറുദ്വീപുകളാണു സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. സുമാത്രയില്‍ 2004ല്‍ 9.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സൂനാമിയില്‍ 2.20 ലക്ഷം പേരാണു കൊല്ലപ്പെട്ടത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.