1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2018

സ്വന്തം ലേഖകന്‍: ഇന്‍ഡോനീഷ്യന്‍ ദ്വീപില്‍ ഭൂകമ്പത്തിനു പിന്നാലെ രാക്ഷസത്തിരകള്‍; സുനാമിയില്‍ മരണം 30 കവിഞ്ഞു. സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ ചുരുങ്ങിയത് 30 പേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തേത്തുടര്‍ന്ന് കടലോര നഗരമായ പാലുവില്‍ വന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്. ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി. കടല്‍തീരത്ത് പകുതി മണ്ണില്‍ മൂടിയ മൃതദേഹങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ഭൂചലനത്തിന് പിന്നാലെ ഇന്‍ഡൊനീഷ്യന്‍ ദുരന്ത നിവാരണ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അരമണിക്കൂറിനകം പിന്‍വലിക്കുകയും ചെയ്തു. തുടര്‍ ചലനങ്ങള്‍ 6.7 വരെ രേഖപ്പെടുത്തി. തീരത്തേക്ക് സുനാമി തിരമാലകളടിക്കുന്ന ദൃശ്യം ഇന്‍ഡൊനീഷ്യന്‍ ടി.വി. പുറത്തുവിട്ടു.

മധ്യ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലു, ചെറുനഗരം ഡോംഗല എന്നിവിടങ്ങളിലാണ് തിരമാലകള്‍ ആഞ്ഞടിച്ചതെന്ന് ദുരന്തനിവാരണ ഏജന്‍സി വക്താവ് സുടോപോ പുര്‍വൊ നഗ്രൊഹൊ പറഞ്ഞു. വീടുകള്‍ ഒഴുകിപ്പോയി. ഒട്ടേറെ കുടുംബങ്ങളെ കാണാതായി. ദ്വീപില്‍ 3.5 ലക്ഷം പേര്‍ താമസിക്കുന്നുണ്ട്.

പ്രദേശത്തേക്കുള്ള വാര്‍ത്താവിനിമയബന്ധം തകരാറിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവരുന്നതേയുള്ളൂ. പ്രതിരോധനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മേഖലയിലേക്ക് ശനിയാഴ്ച രാവിലെ കൂടുതല്‍ രക്ഷാസംവിധാനങ്ങള്‍ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലുവില്‍ ശക്തമായ തിരമാല അടിക്കുന്നതിന്റെയും ജനം പരിഭ്രാന്തരായി ഓടുന്നതിന്റെയും ചിത്രങ്ങളാണ് ഇന്‍ഡൊനീഷ്യന്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തത്. ഭൂചലനത്തെത്തുടര്‍ന്ന് പാലുവിലെ വിമാനത്താവളം 24 മണിക്കൂര്‍ നേരത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കയാണ്. സുലവേസിയില്‍ ഒട്ടേറെ വീടുകള്‍ നിലംപതിച്ചിട്ടുണ്ട്. ദ്വീപിലെ മധ്യപടിഞ്ഞാറന്‍ മേഖലയിലുള്ളവരോട് മറ്റിടങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.