സ്വന്തം ലേഖകന്‍: ഇന്തൊനീഷ്യയില്‍ ജോക്കോ വിഡോഡൊ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ പ്രതിപക്ഷം പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളില്‍ പെട്ട ആയിരത്തോളം പേര്‍ തലസ്ഥാനത്ത് പ്രകടനം നടത്തി. സുരക്ഷ ഉറപ്പാക്കാനും പ്രക്ഷോഭകരെ നേരിടാനുമായി ആയിരക്കണക്കിന് പട്ടാളക്കാരെയും പൊലീസുകാരെയും ജലപീരങ്കികളും കവചിതവാഹനങ്ങളുമായി തലസ്ഥാനനഗരിയില്‍ വിന്യസിച്ചു. അനേകം തീവ്രവാദികളെ കരുതല്‍ തടങ്കലിലാക്കി. നഗരത്തിലെ സ്‌കൂളുകള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാരെ അനുവദിച്ചിട്ടുമുണ്ട്.
കഴിഞ്ഞ മാസം നടന്ന തിരഞ്ഞടുപ്പിന്റ ഫലം ഇന്നലെയാണ് ജനറല്‍ ഇലക്ഷന്‍ കമ്മിഷന്‍ പ്രഖ്യാപിച്ചത്. വിഡോഡൊയ്ക്ക് 55.5% വോട്ടും പ്രതിപക്ഷ കക്ഷി നേതാവ് പ്രബോവൊ സുബിയാന്തോയ്ക്ക് 44.5% വോട്ടും ലഭിച്ചുവെന്നാണ് പ്രഖ്യാപനം. ഫലപ്രഖ്യാപനം ഭരണഘടനാ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സുബിയാന്തോയുടെ അനുയായികള്‍ പ്രഖ്യാപിച്ചു. തോറ്റയാള്‍ 3 ദിവസത്തിനകം പരാതി നല്‍കിയില്ലെങ്കില്‍ എതിരാളി തിരഞ്ഞെടുക്കപ്പെട്ടതായി അന്തിമപ്രഖ്യാപനം നടത്താമെന്നാണ് നിയമം. 2014 ലും തിരഞ്ഞെടുപ്പിനുശേഷം സുബിയാന്തോ പരാതി നല്‍കിയിരുന്നെങ്കിലും തള്ളി.
ഇന്ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പ്രക്ഷോഭം ഭയന്ന് ഇന്നലെ പുറത്തുവിട്ടു. ഫലപ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചു നടത്തുന്ന പ്രകടനങ്ങള്‍ക്കു നേരെ ബോംബെറിഞ്ഞ് നാട്ടില്‍ അരാജകത്വമുണ്ടാക്കുമെന്ന സംശയത്താല്‍ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു കരുതുന്ന പലരെയും കഴിഞ്ഞയാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. ലോകത്തെ മൂന്നാമത്തെ വലിയ ജനാധിപത്യരാജ്യമാണ് ഇന്തൊനീഷ്യ. ഇന്തോനേഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതിനകം ആറുപേര്‍ക്കു ജീവഹാനി നേരിട്ടു. 200 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും പ്രചരിക്കുന്നതു തടയാനായി സമൂഹ മാധ്യമങ്ങള്‍ക്കു താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയതായി സുരക്ഷാമന്ത്രി വിരാന്റോ വ്യക്തമാക്കി. കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ പ്രചരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഫലപ്രഖ്യാപനമുണ്ടായ ചൊവ്വാഴ്ചതന്നെ വന്‍തോതില്‍ സുരക്ഷാസൈനികരെ തലസ്ഥാനത്തു വിന്യസിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല