സ്വന്തം ലേഖകന്‍: കടലും റണ്‍വേയും മാറിപ്പോയി! ഇന്തോനേഷ്യയിലെ പൈലറ്റുമാര്‍ക്കിടയില്‍ ലഹരി ഉപയോഗം വരുത്തുന്ന വിനകള്‍. രാജ്യത്തെ പല വിമാനാപകടങ്ങള്‍ക്കും കാരണം ലഹരി ഉപയോഗിക്കുന്ന പൈലറ്റുകളാണെന്ന് ഇന്‍ഡോനേഷ്യ നാര്‍ക്കോട്ടിക് ഏജന്‍സി മേധാവിയാണ് വെളിപ്പെടുത്തിയത്.
നാല് വര്‍ഷം മുമ്പ് ബാലിയില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോള്‍ കടലില്‍ വീണ ലയണ്‍ എയര്‍ ജെറ്റ് വിമാനത്തിലെ പൈലറ്റും ലഹരി ഉപയോഗിച്ചിരുന്നുവെന്ന് വെളിപ്പെടുത്തലില്‍ പറയുന്നു. ലഹരിയില്‍ പൈലറ്റിന് കടല്‍ റണ്‍വേയായി തോന്നിയതാണ് അപകടത്തിന് കാരണമെന്ന് നാര്‍ക്കോട്ടിക് മേധാവി വ്യക്തമാക്കി.
108 പേരുണ്ടായിരുന്ന വിമാനത്തിലെ യാത്രക്കാരെല്ലാം തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. പൊതുവേദിയിലെ പ്രസംഗത്തിനിടെയായിരുന്നു നാര്‍ക്കോട്ടിക് മേധാവിയുടെ വിവാദ പരാമര്‍ശം. റണ്‍വേയില്‍ നിന്നുള്ള വെറുമൊരു തെന്നലോ മറ്റെന്ത് വിമാന അപകടവുമായിക്കോട്ടെ വിമാനം പറത്തുന്നതിനിടെ ഇവര്‍ ലഹരിയിലായിരുന്നുവെന്നാണ് പരിശോധനകളില്‍ വ്യക്തമാവുന്നതെന്ന് നാര്‍ക്കോട്ടിക് മേധാവി തുറന്നടിച്ചു.
അടുത്തിടെ ലഹരിക്കടിമപ്പെട്ട ഒരു പൈലറ്റിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.ഇതിന് തൊട്ടു പിന്നാലെയാണ് നാര്‍ക്കോട്ടിക് മേധാവിയുടെ വെളിപ്പെടുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല