സ്വന്തം ലേഖകൻ: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കാനാരുങ്ങുന്ന ഇൻഡൊനീഷ്യന്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം. വിവാഹേതര ലൈംഗികബന്ധം, സ്വവർഗ ലൈംഗികത എന്നിവ ക്രിമിനല്‍കുറ്റമാക്കാനാണ് സർക്കാർ നീക്കം. ഇതിനെതിരെ ജക്കാര്‍ത്തയിലെ പാര്‍ലമെന്റിന് മുന്നില്‍ ആയിരത്തിലധികം വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍കുറ്റമാക്കുകയാണെങ്കില്‍ ലൈംഗിക തൊഴിലാളികൾ, വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവര്‍ എന്നിവരെയെല്ലാം പുതിയ നിയമം ബാധിക്കും. ഇത് മനുഷ്യാവകാശത്തിനും ജനാധിപത്യമര്യാദകള്‍ക്കും തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാട്ടിയാണ് രാജ്യമെമ്പാടും വ്യാപക പ്രതിഷേധം ഉയരുന്നത്.
തിങ്കളാഴ്ച മുതൽ ജാവ, സുമാത്ര തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ നിയമഭേദഗതിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പാര്‍ലമെന്റ് സ്പീക്കര്‍ ബാംബാങ് സൊയിസാത്തിയോയെ കാണണമെന്ന ആവശ്യവുമായി ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് കൂടുതല്‍ പേര്‍ പ്രതിഷേധിച്ചത്.
“എന്റെ ജനനേന്ദ്രിയം സര്‍ക്കാരിന്റെതല്ല,” തുടങ്ങി നിരവധി പ്ലക്കാര്‍ഡുകളുമായാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. ബില്‍ ചൊവ്വാഴ്ചയായിരുന്നു പാര്‍ലമെന്റില്‍ വോട്ടെടുപ്പിന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ നിയമങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ആവശ്യമാണെന്ന് കാണിച്ച് പ്രസിഡന്റ് യോക്കോ വിഡോഡോ വോട്ടെടുപ്പ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല