സ്വന്തം ലേഖകന്‍: കര്‍ഷകനെ പിടിച്ച മുതലയോട് പ്രതികാരം തീര്‍ക്കാന്‍ ഇന്തോനേഷ്യന്‍ ഗ്രാമീണര്‍ കൊന്നൊടുക്കിയത് മുന്നൂറോളം മുതലകളെ. ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. നാല്‍പ്പത്തെട്ടുകാരനായ സുഗിറ്റോവിനെ മുതല ആക്രമിച്ച് കൊലപ്പെടുത്തിയതില്‍ രോഷാകുലരായ നാട്ടുകാരാണ് ഇത്രയധികം മുതലകളെ ഒന്നിച്ച് കൊന്നൊടുക്കിയത്.
പ്രദേശത്തെ മുതല സംരക്ഷണ കേന്ദ്രത്തിനരികില്‍ കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കുന്നതിനിടയില്‍ സുഗിറ്റോ സംരക്ഷണകേന്ദ്രത്തിന്റെ വേലിക്കുള്ളില്‍ അകപ്പെടുകയായിരുന്നു. കാലില്‍ മുതലയുടെ കടിയേറ്റ സുഗിറ്റോ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മുതലയുടെ വാലിന്റെ അടിയേറ്റ് മരിച്ചു.
പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായെത്തിയ നാട്ടുകാരോട് ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് സംരക്ഷണ കേന്ദ്രത്തിന്റെ അധികൃതര്‍ അറിയിച്ചു. പിന്നീട് നൂറോളം വരുന്ന നാട്ടുകാര്‍ സംരക്ഷണ കേന്ദ്രത്തിലെത്തുകയും 292 മുതലകളെ ആക്രമിച്ച് കൊല്ലുകയുമായിരുന്നു. രണ്ടു മീറ്ററോളം വരുന്ന മുതലകളും, കുഞ്ഞുങ്ങളും കൊന്നൊടുക്കിയവയില്‍ പെടും.
ഇന്തോനേഷ്യയില്‍ മുതലകളുടെ ആക്രമണത്തില്‍ ആളുകള്‍ മരിക്കുന്നത് നിത്യസംഭവമാണ്. മാര്‍ച്ചില്‍ ഒരു തോട്ടം തൊഴിലാളിയെ കൊലപ്പെടുത്തിയ മുതലയെ വെടിവെച്ചു കൊന്നിരുന്നു. രണ്ടു വര്‍ഷം മുമ്പ് റഷ്യന്‍ വിനോദസഞ്ചാരിയ്ക്കും ജീവന്‍ നഷ്ടമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല