മലയാള സിനിമ ആസ്വദിച്ച ഇന്ദ്രന്‍സ് സ്റ്റൈല്‍ കോമഡി തമിഴിലും. സൂപ്പര്‍ ഡയറക്ടര്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘നന്‍പന’ില്‍ ശ്രദ്ധേയ വേഷത്തില്‍ ഇന്ദ്രന്‍സും അഭിനയിക്കുന്നു. സത്യരാജ് അവതരിപ്പിക്കുന്ന പ്രഫസറുടെ സഹായിയുടെ റോളാണ് ഇന്ദ്രന്‍സിന്. മലയാളം വിട്ട് അന്യഭാഷയില്‍ ഇത് രണ്ടാം തവണയാണ് ഇന്ദ്രന്‍സ് അഭിനയിക്കുന്നത്. മൃഗം ഫെയിം സാമി സംവിധാനം ചെയ്ത ‘സിന്ദു സാമവേളി’യില്‍ ചെറിയ റോളില്‍ മുമ്പ് പ്രത്യക്ഷപ്പെട്ടിരുന്നു.
അഭിനയത്തിന് പുറമേ ഇന്ദ്രന്‍സ് സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട് നന്‍പന്. ഡെറാഡൂണിലും ചെന്നൈയിലുമായി അഞ്ച് ദിവസമായിരുന്നു ഷൂട്ടിങെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. ‘ശങ്കര്‍ സാറിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ എല്ലാ തയാറെടുപ്പുമായാണ് ചെന്നൈക്ക് വണ്ടി കയറിയത്. പക്ഷേ അവിടെ ചെന്ന് സാറിനെ കണ്ട് സംസാരിച്ചതോടെ എല്ലാ ഭയവും മാറി. വളരെ സാധാരണക്കാരനെ പോലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവും. അതോടെ എല്ലാ പേടിയും മാറി. സത്യരാജിനെ കൂടാതെ വിജയ്, ജീവ, ശ്രീകാന്ത് ഇവരുടെയൊക്കെ ഒപ്പം ഒന്നിച്ച് അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു- ഇന്ദ്രന്‍സ് പറയുന്നു. ശങ്കറിന്റെ കഴിഞ്ഞ ചിത്രമായ യന്തിരനില്‍ കലാഭവന്‍ മണിയേയും തേടി ഒരു കഥാപാത്രമെത്തിയിരുന്നു.
ബോളിവുഡില്‍ മികച്ച വിജയം കൊയ്ത ‘ത്രീ ഇഡിയറ്റ്‌സ’ിന്റെ തമിഴ് റീമേക്കാണ് നന്‍പന്‍. വിജയ്, ജീവ, ശ്രീകാന്ത് എന്നിവരാണ് ആമിര്‍ ഖാനും മാധവനും ശര്‍മ്മന്‍ ജോഷിയും അവതരിപ്പിച്ച വേഷങ്ങള്‍ തമിഴില്‍ ചെയ്യുന്നത്. ഇവര്‍ക്ക് പുറമേ സത്യരാജും ശ്രദ്ധേയ വേഷത്തിലെത്തുന്നു. ഇല്യാനയാണ് നായിക. ഹാരിസ് ജയരാജിന്റേതാണ് ഈണങ്ങള്‍. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. തമിഴിന് പുറമേ ‘3 റാസ്‌കല്‍സ്’ എന്ന പേരില്‍ തെലുങ്കിലും സിനിമ റീമേക്ക് ചെയ്യുന്നുണ്ട്. ചേതന്‍ ഭാഗവത്തിന്റെ ഫൈ പോയിന്റ് സംവണ്‍ എന്ന നോവലാണ് സിനിമയ്ക്ക് ആധാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല