സ്വന്തം ലേഖകന്‍: ഇന്ദുലേഖ സോപ്പ് തേച്ച് വെളുത്തില്ല, പരാതിക്കാരന് 30,000 രൂപ നല്‍കാന്‍ കോടതി ഉത്തരവ്. മാനന്തവാടി സ്വദേശി ചാത്തുവാണ് ഇന്ദുലേഖ സോപ്പ് ഉപയോഗിച്ച് കബളിപ്പിക്കപ്പെട്ടെന്ന് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. പരസ്യങ്ങളിലൂടെ ഇന്ദുലേഖ കമ്പനിയും പ്രശസ്ത താരം മമ്മൂട്ടിയും ജനങ്ങളെ പറ്റിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
മാസങ്ങളായി സോപ്പ് തേച്ചിട്ടും ഒരു സൗന്ദര്യവും ഉണ്ടായില്ലെന്നാണ് ചാത്തു പറഞ്ഞത്. 50,000 രൂപയോളം സോപ്പിനു വേണ്ടി ചെലവഴിച്ചുവെന്നും ഈ പണം തിരികെ കിട്ടണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം. ഒടുവില്‍ കമ്പനി ചാത്തുവിന്റെ മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. 30,000 രൂപയാണ് ചാത്തുവിന് ഇന്ദുലേഖ കൊടുത്തത്.
മമ്മൂട്ടിയില്‍ വിശ്വാസം അര്‍പ്പിച്ച മാനന്തവാടി സ്വദേശി കെ.ചാത്തു മാസങ്ങളായി ഇന്ദുലേഖ തേക്കുന്നു. ഇതുവരെ തന്റെ സൗന്ദര്യം കൂടിയിട്ടില്ലെന്നും ചാത്തു വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ വാദിച്ചു.
പരസ്യങ്ങളില്‍ അഭിനയിച്ച് ചലച്ചിത്ര താരങ്ങള്‍ വിവാദങ്ങളില്‍ പെടുന്നത് ഇതാദ്യമല്ല. ഇന്ദുലേഖയ്‌ക്കെതിരെ ഇങ്ങനെയൊരു പരാതി വന്നപ്പോള്‍ വെട്ടിലായത് മമ്മൂട്ടി കൂടിയായിരുന്നു. മമ്മൂട്ടിയും കോടതിയില്‍ ഹാജരാകേണ്ടി വരുമോ എന്ന ചര്‍ച്ചയും ഉയര്‍ന്നു വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല