നനീറ്റന്‍ : ക്രൈസ്തവ മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷന് സംഘടിപ്പിച്ച കരോള്‍ ശുശ്രൂഷയില്‍ നനീറ്റനിലെ വിവിധ മതവിശ്വാസികള്‍ പങ്കെടുത്തു. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ നേര്‍ന്നെത്തിയ കരോള്‍ സംഘത്തെ നീറ്റന് നിവാസികള്‍ സന്തോഷത്തോടെ സ്വീകരിക്കുകയും കൊല്‍ക്കത്തയില്‍ സ്വജീവന്‍ ബലികഴിച്ച് അനേകരുടെ ജീവന് രക്ഷിച്ച ത്യാഗത്തിന്റെ പുണ്യവതികളായ വിനീതയുടെയും രമ്യയുടെയും നിര്‍ധനരായ മാതാപിതാക്കളുടെ സഹായനിധിയിലേക്ക് നിര്‍ലോഭം സംഭാവനകള്‍ ചൊരിയുകയും ചെയ്തു.
കരോള്‍ ശുശ്രൂഷയിലൂടെ ഇന്‍ഡസ് സമാഹരിച്ച പണം ഇരു കുടുംബങ്ങള്‍ക്കും തുല്യമായി വീതിച്ചു നല്‍കുമെന്ന് പ്രസിഡന്റ് അഭിലാഷ് ഗോപിദാസന് അറിയിച്ചു. ഇന്‍ഡസിന്റെ പ്രതിനിധി ബിബിന്‍ കണ്ടാരപ്പള്ളില്‍ തുക നേരിട്ട് രണ്ടു കുടുംബങ്ങള്‍ക്കും കൈമാറുമെന്ന് സെക്രട്ടറി അനീഷ് കല്ലിങ്കല്‍ പറഞ്ഞു. കരോള്‍ ശുശ്രൂഷയില്‍ പങ്കെടുത്ത കുട്ടികളെയും മുതിര്‍ന്നവരെയും കരോള്‍ കണ്‍വീനര്‍ അജു പാലാട്ട് അനുമോദിക്കുകയും കരോള്‍ ശുശ്രൂഷാ ദിവസങ്ങളില്‍ പങ്കെടുത്ത എല്ലാവര്ക്കും സ്നേഹവിരുന്നൊരുക്കിയ ടോണി ജോസഫിന്റെയും ഷിജി ചാക്കോയുടെയും കുടുംബത്തിന് ഇന്‍ഡസിന്റെ നന്ദി അറിയിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല