1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2016

സ്വന്തം ലേഖകന്‍: സിന്ധു നദീജല കരാറില്‍ തൊട്ടുകളിക്കാന്‍ ഇന്ത്യയെ അനുവദിക്കില്ല, കടുംപിടുത്തവുമായി പാകിസ്താന്‍. ഡോണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ 56 വര്‍ഷം പഴക്കമുള്ള കരാറില്‍ ഭേദഗതി വരുത്തുന്നതിനുള്ള ഇന്ത്യന്‍ നീക്കത്തിനു മറുപടി പറയവെയാണ് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹായി താരീഖ് ഫത്മി പാക് നയം വ്യക്തമാക്കിയത്.

കരാറില്‍ മാറ്റംവരുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്തു പരിഹരിക്കണമെന്നും ഇതിന് സമയം ആവശ്യമാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞിരുന്നു. ”കരാറിലെ തത്ത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പാക് നിലപാട്. കരാര്‍ എല്ലാതരത്തിലും ബഹുമാനിക്കപ്പെടേണ്ടതാണ്” താരീഖ് ഫത്മി പറഞ്ഞു.

1960 ലാണ് സിന്ധുനദിയിലെ ജലം പങ്കുവെക്കുന്നതു സംബന്ധിച്ച് ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ കരാര്‍ നിലവില്‍വന്നത്. അതനുസരിച്ച് കിഴക്കോട്ട് ഒഴുകുന്ന ബീസ്, രവി, സത്‌ലജ് നദികളുടെ അവകാശം ഇന്ത്യക്കും പടിഞ്ഞാറോട്ടൊഴുകുന്ന ഇന്‍ഡസ്, ചിനാബ്, ഝലം എന്നീ നദികള്‍ പാകിസ്താനുമാണ്. കരാര്‍ പ്രകാരം നദിയിലെ 80 ശതമാനത്തോളം വെള്ളം ലഭിക്കുന്നതും പാകിസ്താനാണ്. പദ്ധതിക്കായി ഇരു രാജ്യങ്ങളില്‍നിന്നുള്ള കമീഷണര്‍മാരെ ഉള്‍പ്പെടുത്തി കമീഷനെയും നിയമിച്ചിരുന്നു.

ചിനാബ് നദിയില്‍ ഇന്ത്യ നിര്‍മിച്ച കിഷന്‍ഗംഗ, റാത്‌ലി ജലവൈദ്യുതി പദ്ധതികളാണ് തര്‍ക്കത്തിനാധാരം. സിന്ധുനദീജല കരാര്‍ ലംഘിച്ചാണ് ഇന്ത്യ പദ്ധതികള്‍ നിര്‍മിച്ചതെന്നാണ് പാകിസ്താന്റെ ആരോപണം. ഉറി ഭീകരാക്രമണത്തിനുശേഷം പാകിസ്താനിലേക്കുള്ള വെള്ളം തടഞ്ഞുവെക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീഷണിപ്പെടുത്തിയിരുന്നു.

ജലാതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് ലോകബാങ്കിന്റെ മേല്‍നോട്ടത്തില്‍ മധ്യസ്ഥ കോടതി വേണമെന്ന പാകിസ്താന്റെ ആവശ്യവും ഇന്ത്യ തള്ളി. പകരം നിഷ്പക്ഷ നിരീക്ഷകനെ നിയമിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാല്‍, നിഷ്പക്ഷ നിരീക്ഷകനില്‍നിന്ന് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യ സമയം നേടിയെടുക്കുമെന്നാണ് പാകിസ്താന്റെ വാദം. അങ്ങനെവന്നാല്‍ തര്‍ക്കം നിലനില്‍ക്കുന്ന കാലത്തുതന്നെ പദ്ധതികള്‍ പൂര്‍ത്തിയാകും. അതോടെ പാകിസ്താന് അവകാശവാദം ഉന്നയിക്കാന്‍ കഴിയാതെവരും.

തര്‍ക്കങ്ങള്‍ സ്വയം പരിഹരിക്കാന്‍ അവസരം നല്‍കി സിന്ധുനദീജല കരാര്‍ സംബന്ധിച്ച് ഇന്ത്യയും പാകിസ്താനും നല്‍കിയ അപേക്ഷകളില്‍ ലോകബാങ്ക് സ്വീകരിച്ചുവന്ന നടപടികള്‍ തല്‍ക്കാലം മരവിപ്പിച്ചിരുന്നു. ലോകബാങ്കിന്റെ തീരുമാനം വന്നതിനു പിന്നാലെ തീരുമാനമെടുക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.