സ്വന്തം ലേഖകന്‍: പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാര്‍ കര്‍ക്കശമായി നടപ്പിലാക്കാന്‍ ഇന്ത്യ; സിന്ധു നദിയില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി. സിന്ധു നദിയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാകിസ്താനുമായുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യക്ക് അവകാശപ്പെട്ട ജലം പൂര്‍ണമായും ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി.
പുതുതായി രണ്ട് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് വേഗത്തില്‍ നടപ്പാക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നത്. ഷാപൂര്‍ കാണ്ഡി അണക്കെട്ട്, ജമ്മു കശ്മീരിലെ ഊജ്ജ് അണക്കെട്ട്, പഞ്ചാബിലെ സത്‌ലജ് ബിയാസ് നദികള്‍ തമ്മിലുള്ള ബന്ധിപ്പിക്കല്‍ എന്നിവയാണ് വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. മൂന്ന് പദ്ധതികളും സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍പ്പെട്ട് വൈകുകയായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സിന്ധു നദിയുമായി ബന്ധപ്പെട്ട ഇന്ത്യ, പാകിസ്താന്‍ കരാര്‍ പ്രകാരം സത്‌ലജ്, ബിയാസ്, രവി എന്നീ പോഷക നദികളിലെ ജലം ഇന്ത്യയ്ക്ക് അനുവദിക്കപ്പെട്ടതാണ്. ചെനാബ്, ഝലം, സിന്ധു നദികളിലെ ജലം പാകിസ്താന് അനുവദിക്കപ്പെട്ടതാണ്. ഇന്ത്യയ്ക്ക് അനുവദിക്കപ്പെട്ടതില്‍ 94 ശതമാനത്തോളം രാജ്യത്ത് ഉപയോഗിക്കുകയും ബാക്കി പാകിസ്താനിലേക്ക് ഒഴുകുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കശ്മീരിലെ കഠ്‌വ ജില്ലയില്‍ രവി നദിക്ക് കുറുകെ നിര്‍മിക്ക്കുന്ന ഊജ്ജ് അണക്കെട്ട് വൈദ്യുതോത്പാദനത്തിന് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല