ഇന്ത്യയുടെ യുവതാരം വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടെസ്റ്റ് ടീം ചരിത്രം തിരുത്തിക്കുറിച്ച് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. 22 വര്‍ഷത്തെ വിജയരാഹിത്യത്തിന് ഒടുവിലാണ് യുവഇന്ത്യ ഇപ്പോള്‍ ലങ്കന്‍ മണ്ണില്‍ കപ്പുയര്‍ത്താന്‍ പോകുന്നത്. 1993ല്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലാണ് അവസാനമായി ഇന്ത്യ ലങ്കന്‍മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1 – 0ത്തിനായിരുന്നു ഇന്ത്യയുടെ ചരിത്രനേട്ടം. ആ ജയവും ഇന്ന് മത്സരം ജയിച്ച കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലായിരുന്നു. കപില്‍ദേവും സച്ചിനും കുംബ്‌ളെയും വിനോദ് കാംബ്‌ളിയുമൊക്കെ അടങ്ങുന്ന താരങ്ങള്‍ അണിനിരന്ന അസ്ഹറിന്റെ സംഘം 235 റണ്‍സിനാണ് അന്ന് ലങ്കയെ കീഴടക്കിയത്. മറ്റ് രണ്ട് ടെസ്റ്റുകളും സമനിലയിലായിരുന്നു.
അവസാന ദിനം മൂന്ന് വിക്കറ്റിന് 67 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക ആദ്യം മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തെങ്കിലും പോകെ പോകെ ഇന്ത്യ കളി തിരിച്ചുപിടിച്ചു. കൗശല്‍ സില്‍വയെയും തിരമന്നെയും നഷ്ടമായി അഞ്ച് വിക്കറ്റിന് 107 എന്ന നിലയില്‍ തകര്‍ന്ന ആതിഥേയരെ ഉജ്ജ്വല സെഞ്ച്വറിയിലൂടെ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും (110) കന്നിക്കാരനായ കുശാല്‍ പെരേരയും (70) ചേര്‍ന്ന് മുന്നോട്ട് നയിച്ചു. ആറാം വിക്കറ്റില്‍ ഇവര്‍ 135 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണെന്ന് കാണികള്‍ പ്രതീക്ഷിച്ചു.
എന്നാല്‍ പെരേരയെ മടക്കി അശ്വിന്‍ ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. അധികം വൈകാതെ മാത്യൂസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇഷാന്ത് തന്റെ 200ാം ടെസ്റ്റ് വിക്കറ്റ് നേടി. പിന്നീട് കാറ്റിന്റെ ഗതി ഇന്ത്യക്ക് അനുകൂലമായി മാത്രമാണ് വീശിയത്. അശ്വിന്‍ നാലും ശര്‍മ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഉമേശ് യാദവ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അമിത് മിശ്ര ഒരു വിക്കറ്റ് വീഴ്ത്തി..
സ്‌കോര്‍: ഇന്ത്യ 312, 274/8 ശ്രീലങ്ക: 201, 268
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല