
സ്വന്തം ലേഖകൻ: യുകെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി പണപ്പെരുപ്പം പത്ത് മാസത്തിനിടെ ഉയര്‍ന്ന നിലയിലേക്ക് എത്തി. ജനുവരി വരെയുള്ള 12 മാസങ്ങള്‍ക്കിടെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 3 ശതമാനത്തിലാണ് എത്തിനില്‍ക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കാക്കുന്നു. ഡിസംബറില്‍ നിന്നും 0.5 ശതമാനം പോയിന്റ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ഉത്പന്നങ്ങളും, സേവനങ്ങളും ലഭ്യമാക്കുന്നതിലെ വിലയാണ് പണപ്പെരുപ്പ നിരക്കായി പരിഗണിക്കുന്നത്. ഇത് രാജ്യത്തെ കുടുംബങ്ങളുടെ ബജറ്റിനെ നേരിട്ട് ബാധിക്കുന്നതാണ്. 2 ശതമാനമായി പണപ്പെരുപ്പം നിലനിര്‍ത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഈ വാര്‍ത്ത കനത്ത ആഘാതമാണ്.
വേനല്‍ക്കാലത്തോടെ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്ന് 3.7 ശതമാനത്തിലേക്ക് എത്തുമെന്നാണ് പ്രവചനങ്ങള്‍. എനര്‍ജി, ഭക്ഷണ വിലകളാണ് ഈ വര്‍ദ്ധനവിലേക്ക് നയിക്കുക. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നിരക്കിലേക്കാണ് പണപ്പെരുപ്പം വര്‍ദ്ധിച്ചതെന്ന് ഒഎന്‍എസ് ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സ്‌നെര്‍ പറഞ്ഞു. വിമാന നിരക്കുകള്‍ താഴാത്തതാണ് ഇതിന് പ്രധാന കാരണം. കൂടാതെ ഭക്ഷണ, പാനീയങ്ങളുടെ ചെലവും പണപ്പെരുപ്പത്തെ സ്വാധീനിച്ചു.
കഴിഞ്ഞ വര്‍ഷം ഈ സമയം ഭക്ഷണത്തിന്റെ മറ്റ് പാനീയങ്ങളുടെയും വില താഴ്ന്നിരുന്നു. ബജറ്റില്‍ ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പ്രൈവറ്റ് സ്‌കൂള്‍ ഫീസിലെ വാറ്റ് വര്‍ദ്ധന നിലവില്‍ വന്നതും പണപ്പെരുപ്പത്തെ സ്വാധീനിച്ചതായി ഒഎന്‍എസ് വ്യക്തമാക്കി.
കീര്‍ സ്റ്റാര്‍മറുടെയും, റേച്ചല്‍ റീവ്‌സിന്റെയും മണ്ടന്‍ തീരുമാനങ്ങളുടെ നേരിട്ടുള്ള ഫലമാണ് സാധാരണ കുടുംബങ്ങളുടെ ജീവിതങ്ങളെ ബാധിക്കുന്ന ഈ ആഘാതമെന്ന് ടോറി നേതാവ് കെമി ബാഡെനോക് പറഞ്ഞു. സ്റ്റാഗ്ഫ്‌ളേഷന്‍ സംബന്ധിച്ച വിദഗ്ധരുടെ മുന്നറിയിപ്പുകളാണ് ലിബറല്‍ ഡെമോക്രാറ്റുകള്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
2024 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കിലേക്ക് പണപ്പെരുപ്പം എത്തിയിട്ടും റീവ്‌സ് ഇതേക്കുറിച്ച് സംസാരിക്കുന്നില്ല. ആളുകളുടെ പോക്കറ്റില്‍ പണമെത്തിക്കുന്നതാണ് തന്റെ ഒന്നാം നമ്പര്‍ ദൗത്യമെന്നാണ് റീവ്‌സിന്റെ പ്രതികരണം. ഇതിന്റെ ഭാഗമായി സാമ്പത്തിക വളര്‍ച്ച വേഗത്തില്‍ കൈവരിക്കുകയാണ് വേണ്ടത്, ചാന്‍സലര്‍ വ്യക്തമാക്കി. പണപ്പെരുപ്പം വീണ്ടും ശക്തമായതോടെ പലിശ നിരക്ക് കുറയ്ക്കാന്‍ ശ്രമിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് സമ്മര്‍ദത്തിലാകും. വിലക്കയറ്റവും മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരം നല്‍കുമെന്ന് പലിശ നിരക്ക് കുറച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല