സ്വന്തം ലേഖകന്‍: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ചോര്‍ത്തുന്നതായി ആശങ്ക, പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്. വിപണിയില്‍ വന്‍ പ്രചാരമുള്ള വിവോ, ഒപ്പൊ, ഷവോമി, ജിയോണി എന്നിവ ഉള്‍പ്പെടെയുള്ള സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കാണ് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. സുരക്ഷാ ചട്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ കമ്പനികള്‍ ഓഗസ്റ്റ് 28 നകം സമര്‍പ്പിക്കണം.
ഉപഭോക്താക്കള്‍ ഫോണില്‍ ശേഖരിക്കുന്ന സമ്പര്‍ക്ക പട്ടികയും സന്ദേശങ്ങളും ഇത്തരം സ്മാര്‍ട് ഫോണ്‍ കമ്പനികള്‍ ചോര്‍ത്തുന്നുവെന്നാണ് സംശയം. ചൈനീസ് കമ്പനികള്‍ക്കു പുറമേ ആപ്പിള്‍, സാംസങ്, ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് തുടങ്ങി 21 കമ്പനികള്‍ക്കാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്.
ഇവയില്‍ സര്‍ക്കാര്‍ ഓഡിറ്റ് നടത്തും. ചട്ടങ്ങള്‍ ഇവര്‍ ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ പിഴചുമത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ പ്രശ്‌നവും ഹാക്കിംഗ് ഭീഷണിയും ഉണ്ടെന്ന ആശങ്കയില്‍ ചൈനയില്‍ നിന്നുള്ള ഇലക്‌ട്രോണിക് സാധനങ്ങളുടെ ഇറക്കുമതി സര്‍ക്കാര്‍ പുനഃപരിശോധിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല