സ്വന്തം ലേഖകൻ: ചൊവ്വയുടെ ഉപരിതലത്തിൽ ഇടയ്ക്കിടെ പറക്കൽ നടത്തിയ നാസയുടെ ഇൻജ്യുനൂയിറ്റി പുതിയ റെക്കോർഡിട്ടു. പത്താമത്തെ പറക്കലിൽ ഇൻജ്യുനൂയിറ്റി ഒരു കിലോമീറ്റർ സഞ്ചരിച്ചു. ആദ്യപറക്കൽ കഴിഞ്ഞ് മൂന്നാം മാസമാണ് ഈ നേട്ടം. ഇത് ചരിത്ര സംഭവമാണെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
മനുഷ്യ നിർമിതമായ കോപ്റ്റർ ഭൂമിക്ക് പുറത്ത് ഏതെങ്കിലും ഗ്രഹത്തിൽ പറക്കുന്നത് തന്നെ ആദ്യമാണ്. അപ്പോഴാണ് ഇൻജ്യുനൂയിറ്റി ഒരു കിലോമീറ്റർ മാർക് താണ്ടുന്നത്. അതിലും വലിയ കൗതുകമെന്തെന്നാൽ, നിർമിച്ചവർ പോലും ഇൻജുന്യൂയിറ്റി ഇത്ര കിടിലനാകുമെന്ന് കരുതിയിരുന്നില്ല എന്നതാണ്.
ഫെബ്രുവരിയിൽ ചൊവ്വയിലെത്തിയ പെഴ്സിവീയറൻസ് ദൗത്യത്തിനൊപ്പമാണ് കൊച്ചു റോട്ടോർക്രാഫ്റ്റും അയച്ചിരുന്നത്. ഭൂമിക്കു പുറത്ത് മറ്റൊരു ഗ്രഹത്തിൽ ആദ്യമായി നടത്തിയ വിജയകരമായ നിയന്ത്രിത വ്യോമപരീക്ഷണമായിരുന്നു ഇത്. ചൊവ്വയിലെ ജെസീറോ ക്രേറ്റർ മേഖലയിലാണ് ഇൻജ്യുനൂയിറ്റിയും പെഴ്സിവീയറൻസുമുള്ളത്.
3 മീറ്റർ പൊക്കം താണ്ടിയ ഇൻജെന്യൂയിറ്റിയുടെ ആദ്യ പറക്കൽ 30 സെക്കൻഡ് ആണ് നീണ്ടത്.1.8 കിലോഗ്രാം ഭാരമുള്ള കോപ്റ്റർ പറക്കലിനുശേഷം തിരിച്ചിറങ്ങി ഉപരിതലം തൊട്ടു. ചൊവ്വയിലെ ‘കിറ്റി ഹോക്ക് ’ ഇൻജെന്യൂയിറ്റി ദൗത്യം റൈറ്റ് സഹോദരന്മാർ നടത്തിയ ആദ്യ വിമാനയാത്രയോടാണു താരതമ്യപ്പെടുത്തുന്നത്.
1.8 കിലോഗ്രാം ഭാരവും 4 ചിറകുകളും വീതമുള്ള 2 റോട്ടറുകളുമുള്ള റോട്ടർക്രാഫ്റ്റ് ആണ് ഇൻജ്യുനൂയിറ്റി.റെയ്സ്ഡ് റിഡ്ജസ് എന്നു പേരിട്ടു വിളിക്കുന്ന മേഖലയിലാണ് ഇത്തവണ ഹെലികോപ്റ്റർ പറത്തിയത്. ഈ യന്ത്രം താഴെ ഭൂമിയിലിരുന്നാണ് നിയന്ത്രിക്കുന്നത്. ഐഐടി മദ്രാസിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ് നേടിയ, നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ റോബോട്ടിക്‌സ് വിദഗ്ധൻ ഡോ.ബോബ് ബലറാമാണ് ഇൻജെന്യൂയിറ്റി വികസിപ്പിച്ചെടുത്തത്.
ഹെലികോപ്റ്റർ പറക്കുന്നതിനിടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി പെഴ്സിവീയറൻസ് വഴി ഭൂമിയിലേക്ക് അയയ്ക്കും. ഈ ദ്യശ്യങ്ങളിൽ നിന്ന് കൂടുതൽ പഠനങ്ങൾ നടത്താനാകും. ഇൻജെന്യൂയിറ്റി പെഴ്സിവീയറൻസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം 100ൽ അധികം സോൾ (ചൊവ്വയിലെ ദിനം) പിന്നിട്ടു. പ്രതീക്ഷിച്ചിരുന്നത് 76 സോൾ ആയിരുന്നു. ചൊവ്വയിലായിരിക്കുമ്പോൾ തന്നെ സോഫ്റ്റ്‌വെയറിൽ വരുത്തിയ മാറ്റവും മറ്റും ഇതിനു സഹായിച്ചു എന്നു ജെപിഎൽ അവകാശപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല