വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 437 ഇന്ത്യന്‍ തടവുകാര്‍ യുകെ ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് മറുപടി പറയവെയാണ് വിദേശത്ത് ജയില്‍വാസം അനുഭവിക്കുന്ന ഇന്ത്യാക്കാരുടെ കണക്കുകള്‍ വെളിപ്പെടുത്തിയത്.
അനധികൃത കുടുയേറ്റം പോലുള്ള കുറ്റങ്ങള്‍ക്കാണ് യുകെയിലെ ഇന്ത്യന്‍ തടവുപുള്ളികള്‍ അധികവും ശിക്ഷ അനുഭവിക്കുന്നത്. അമേരിക്കയിലെ ജയിലുകളില്‍ 291 ഇന്ത്യന്‍ തടവുകാരാണുള്ളത്. മൊത്തം ഏഴായിരത്തോളം ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളില്‍ ജയിലുകളില്‍ കഴിയുന്നത്.
ഇതില്‍ 54 പേര്‍ പാക്കിസ്ഥാന്‍ പിടികൂടിയ ഇന്ത്യന്‍ സൈനികരായ യുദ്ധത്തടവുകാരാണ്. ഏറ്റവുമധികം ഇന്ത്യന്‍ തടവുകാരുള്ള രാജ്യം സൗദി അറേബ്യയാണ്. 1534 ഇന്ത്യക്കാരാണ് സൗദി ജയിലുകളില്‍ കഴിയുന്നത്.
യുഎഇയാണ് തടവുകാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. 833 പേര്‍ വിവിധ കുറ്റങ്ങള്‍ക്ക് യുഎഇ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നു. പാക്കിസ്ഥാന്‍ ജയിലുകളില്‍ 352 പേരാണുള്ളത്.
അനധികൃത കുടിയേറ്റത്തിനു പുറമേ മത്സ്യ ബന്ധനത്തിനിടെ അതിര്‍ത്തി കടക്കല്‍, വഞ്ചനക്കുറ്റം എന്നിവക്കാണ് കൂടുതല്‍ പേരും ശിക്ഷിക്കപ്പെട്ടിട്ടുള്ളത്.
വിവിധ രാജ്യങ്ങളുമായി ജയില്‍ പുള്ളികളുടെ കൈമാറ്റം സുഖമമാക്കാനുള്ള കരാറുകള്‍ വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് സുഷമ സ്വരാജ് സഭയെ ബോധിപ്പിച്ചു. കൂടാതെ അമേരിക്കയിലേയും യുകെയിലേയും മറ്റു രാജ്യങ്ങളിലേയും വിവിധ സംഘടനകളുമായി ബന്ധപ്പെട്ട് തടവുകാരുടെ മോചനത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാര്‍ മോചിതരാകുമ്പോള്‍ അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഒരു നോഡല്‍ ഏജസിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല