മലയാളത്തിലെ നീലത്താമരയിലൂടെ വെള്ളിത്തിരയിലെത്തിയ അമല പോള്‍ തമിഴകത്ത് ഇപ്പോള്‍ മിന്നുംതാരമാണ്. മൈന എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അമല ഇപ്പോള്‍ വിവിധ ഭാഷകളില്‍ ഏറെ തിരക്കുള്ള നായികയാണ്. മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി മലയാളത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയുമാണ് അമല. ഇത്രയൊക്കെയായാല്‍ സാധാരണ നടിമാരൊക്കെ വന്ന വഴികള്‍ മറക്കുകയാണ് പതിവ്. എന്നാല്‍ താര ജാഡകളൊന്നുമില്ലാത്ത നായികയാണ് അമലയെന്നാണ് ഇന്നസെന്റ് പറയുന്നത്.
അടുത്തിടെ ഹൈദരാബാദില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നസെന്റിനെ അമലാ പോള്‍ സന്ദര്‍ശിച്ചു. എന്നാല്‍ ഇന്നസെന്റിന് ആദ്യം അമലയെ തിരിച്ചറിയാനായില്ല. ഈ സംഭവത്തെ കുറിച്ച് ഇന്നസെന്റ് പറയുന്നത് ഇങ്ങനെയാണ്- ‘അമലയെ ആദ്യം മനസ്സിലായില്ല. പക്ഷേ അമല എന്നെ അദ്ഭുതപ്പെടുത്തുകയാണ് ഉണ്ടായത്. എന്നെ കാണാന്‍ വേണ്ടിമാത്രം ലൊക്കേഷനില്‍ എത്തിയതായിരുന്നു അമല.
എന്നാല്‍ എനിക്ക് മനസ്സിലായില്ല എന്ന് പറഞ്ഞപ്പോള്‍ അമലയ്ക്ക് മോശമായി ഒന്നും തോന്നിയില്ല. മാത്രമല്ല മുമ്പ് ഒരു വേദിയില്‍ ഒരുമിച്ച് പങ്കെടുത്തതിനെ കുറിച്ച് എന്നെ അമല ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ആ ചടങ്ങിലെ ഒരു വളണ്ടിയറായിരുന്നു അമല. ഇന്നത്തെ കാലത്ത് ഇതുപോലെ ഒരു താരം തന്നെ പരിചയപ്പെടുത്തുമെന്ന് എനിക്ക് തോന്നുന്നില്ല. അമലയുടെ ലാളിത്യം എന്നെ ആകര്‍ഷിച്ചു. വന്ന വഴികള്‍ അമല മറക്കുന്നില്ല. അതുവലിയ കാര്യമാണ്.’ എന്താ ഇന്നസെന്റ് പറയുന്നതുപോലെ താര ജാഡയില്ലാത്ത നായികയല്ലേ അമലാ പോള്‍?.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല