സ്വന്തം ലേഖകൻ: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. മൃതദേഹം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ചു. രാവിലെ 8 മുതൽ 11 വരെയാണ് ഇവിടെ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനും ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരം.
ഇന്നലെ രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. നൃത്തശാല (1972) ആണ് ആദ്യസിനിമ. 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ചിത്രം: മഴവിൽക്കാവടി) നേടി. ശ്രദ്ധേയമായ ഏതാനും മലയാള സിനിമകളുടെ നിർമാതാവുമാണ്. 2000 മുതൽ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു.
1979ൽ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായ അദ്ദേഹം 2014ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിന്റെ പി.സി.ചാക്കോയ്ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു. 2019ൽ ബെന്നി ബഹനാനോടു പരാജയപ്പെട്ടു. തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 മാർച്ച് നാലിന് ഇരിങ്ങാലക്കുടയിലാണ് ജനനം.
അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ്. വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. സത്യന്‍ അന്തിക്കാട്, ഫാസില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍ ഏറെ ജനപ്രിയമാണ്.
സിനിമയിലെ തുടക്കക്കാലത്ത് തന്നെ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മാണ കമ്പനി ആരംഭിച്ചു. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. നിര്‍മാണരംഗത്ത് സാമ്പത്തികമായി രക്ഷപ്പെടാന്‍ അദ്ദേഹത്തിനായില്ല. 1982-ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം ഓര്‍മയ്ക്കായി ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവാകുന്നത്.
തൃശ്ശൂര്‍ ഭാഷയില്‍ ഇന്നസെന്റ് ആദ്യമായി സംസാരിക്കുന്നത് ഈ ചിത്രത്തിലായിരുന്നു. തനി തൃശ്ശൂര്‍കാരനായ റപ്പായിയായി ഇന്നസെന്റ് അരങ്ങുതകര്‍ത്തു. പിന്നീടങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങള്‍. സിനിമയിലെ തൃശ്ശൂര്‍ സ്ലാങ്ങെന്നാല്‍ ഇന്നസെന്റ് എന്നായി. സിനിമകളില്‍ ഇന്നസെന്റുമായി ഏറ്റവും രസതന്ത്രമുണ്ടായിരുന്ന അഭിനേത്രി കെ.പി.എ.സി. ലളിതയായിരുന്നു. മലയാള സിനിമയിലെ ജനപ്രിയ ജോടികളായിരുന്നു ഇവര്‍.
മാലാമാല്‍ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. സത്യന്‍ അന്തിക്കാടിന്റെ മഴവില്‍ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് 2009-ല്‍ കേരള സംസ്ഥാന ക്രിട്ടിക് പുരസ്‌കാരം ലഭിച്ചു.
2013-ല്‍ തൊണ്ടയ്ക്ക് അര്‍ബുദരോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇന്നസെന്റ് ചികിത്സ തേടി. ആ കാലഘട്ടം വേദന നിറഞ്ഞതായിരുന്നുവെങ്കിലും പിന്നീട് വളരെ നര്‍മബോധത്തോടെയാണ് ഇന്നസെന്റ് ഓര്‍ത്തെടുത്തത്. ആ അനുഭവങ്ങള്‍ പ്രതിപാദിക്കുന്ന കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന അനുഭവസാക്ഷ്യം നിരവധി പേരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമാണു ചെലുത്തിയത്.
ഒട്ടേറെ പതിപ്പുകളുമായി കാന്‍സര്‍ വാര്‍ഡിലെ ചിരി ഇപ്പോഴും രോഗികള്‍ക്കും അല്ലാത്തവര്‍ക്കും പ്രചോദനമായി വില്‍പ്പനയിലുണ്ട്. മഴക്കണ്ണാടി (കഥകള്‍), ഞാന്‍ ഇന്നസെന്റ്, ചിരിക്ക് പിന്നില്‍ (ആത്മകഥ), കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി എന്നീ പുസ്തകങ്ങളും രചിച്ചു.
1976 സെപ്തംബര്‍ 26 നാണ് ഇന്നസെന്റ് ആലീസിനെ വിവാഹം കഴിച്ചത്. തന്റെ സിനിമയിലെയും വ്യക്തി ജീവിതത്തിലെയും നേട്ടങ്ങളിലെല്ലാം ആലീസ് ചെലുത്തിയ സ്വാധീനം വാക്കുകള്‍ക്ക് അതീതമാണെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. സോണറ്റ് ഏകമകനാണ്. രശ്മി സോണറ്റാണ് മരുമകള്‍. ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ് എന്നിവര്‍ പേരക്കുട്ടികളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല