സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിങ്ക്യ മുസ്ലീങ്ങളെ സൈന്യം വംശീയ കൂട്ടക്കൊല ചെയ്തില്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്, അന്വേഷണം സൈന്യത്തെ വെള്ള പൂശാനെന്ന ആരോപണം ശക്തം. മ്യാന്മറിന്റെ വടക്കന്‍ പ്രവിശ്യയായ രാഖൈനില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ വംശഹത്യ നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്.
വംശഹത്യ, മാനവികയ്ക്ക് എതിരായ കുറ്റം എന്നിവക്കും തെളിവുകള്‍ ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട് പുറത്തു വിട്ടുകൊണ്ട് സംസാരിച്ച വൈസ് പ്രസിഡന്റ് മിയന്‍ സവെ പറഞ്ഞു. സൈനിക നടപടിയില്‍ കൂട്ടബലാത്സംഗങ്ങളൊന്നും നടന്നിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, സൈനികാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായത് ഒറ്റപ്പെട്ട അതിക്രമങ്ങളാണെന്നും അവകാശപ്പെട്ടു. കഴിഞ്ഞ ഒക്‌ടോബറില്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റിലുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് രാഖൈനില്‍ സൈനിക നടപടിയുണ്ടായത്.
ആക്രമണം നടത്തിയത് റോഹിങ്ക്യന്‍ പോരാളികളാണെന്ന് ആരോപിച്ചാണ് സൈന്യം അഴിഞ്ഞാട്ടം നടത്തിയത്.സൈനിക നടപടിയില്‍ നൂറുകണക്കിനു പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെ വീടുകള്‍ തീവെച്ച് നശിപ്പിക്കുകയും സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാവുകയും ചെയ്തതായി കഴിഞ്ഞ ഫെബ്രുവരിയില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. പതിനായിരത്തിലേറെ പേര്‍ പലായനം ചെയ്തതായും കണക്കാക്കുന്നു. സൈനിക നടപടിയില്‍നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെത്തിയ 204 റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുഎന്നിന്റെ റിപ്പോര്‍ട്ട്.
സംഭവം അന്വേഷിക്കുന്നതിന് ഐക്യരാഷ്ട്രസഭ നിയോഗിച്ച മൂന്നംഗ അന്വേഷണ സംഘത്തിന് ഓങ് സാന്‍ സൂചി സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചതും വിവാദമായി. അന്താരാഷ്ട്ര അന്വേഷണ സംഘത്തിന് പ്രവേശനം അനുവദിക്കുന്നത് രാഖൈനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയേക്കുമെന്ന് വാദിച്ചാണ് യു.എന്‍ സംഘത്തിന് മ്യാന്മര്‍ പ്രവേശനം നിഷേധിച്ചത്. തുടര്‍ന്ന് സമാധാന നൊബേല്‍ പുരസ്‌കാര ജേതാവായ ഓങ് സാന്‍ സൂചിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
വംശഹത്യ അന്വേഷിക്കാന്‍ നിയോഗിച്ച കമീഷന്‍ അപര്യാപ്തമാണെന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. 10 ലക്ഷത്തോളം വരുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകളെ രാജ്യത്തെ അനധികൃത കുടിയേറ്റക്കാരായാണ് ബുദ്ധമത തീവ്രവാദികള്‍ കണക്കാക്കുന്നത്. റോഹിങ്ക്യകള്‍ക്കെതിരെ സൈനിക നടപടിയും സംഘടിത ആക്രമണങ്ങളും രാജ്യത്ത് നിത്യ സംഭവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല