സ്വന്തം ലേഖകൻ: ഓൺലൈൻ തട്ടിപ്പുകാർ ദിവസംതോറും പുതിയ സൂത്രങ്ങളുമായി രംഗത്ത്. സമൂഹമാധ്യമത്തിൽ പരസ്യം നൽകിയുള്ള വായ്പാ തട്ടിപ്പാണ് ഏറ്റവും പുതുതായി പുറത്തുവന്ന സംഭവം. വലിയ നൂലാമാലകളില്ലാതെ വായ്പയായി വൻതുക വാഗ്ദാനം ചെയ്യുന്ന കമ്പനി ആളുകളെ ബന്ധപ്പെട്ട് ഇതിന് മുന്നോടിയായി പ്രൊസസിങ് ഫീസായി ആദ്യം പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു.
തുടർന്ന് ഫണ്ട് റിലീസ് ചെയ്യാൻ മറ്റൊരു പേയ്‌മെന്റ് ആവശ്യപ്പെടും. ഇതെല്ലാം ചെയ്ത് ദിവസങ്ങളോളം കാത്തിരുന്നിട്ടും വായ്പ ലഭ്യമാകാത്തപ്പോഴാണ് പലർക്കും തട്ടിപ്പാണെന്ന് മനസിലാക്കുക. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ഇൗ കെണിയിൽ വീണ് വൻതുകകൾ നഷ്ടപ്പെട്ടിട്ടുണ്ട്.
ബാങ്കുകളുടെ നിയമാനുസൃത ഏജന്റുമാരായി വേഷമിടുന്ന തട്ടിപ്പുകാർ തൊഴിൽരഹിതർക്കും ടൂറിസ്റ്റ് വീസയിലുള്ളവർക്കും പോലും വായ്പ വാഗ്ദാനം ചെയ്യുന്നു. പ്രോസസിങ് ഫീസും മറ്റും എങ്ങനെയെങ്കിലും ഒപ്പിച്ച് കൊടുക്കുന്നതോടെ ഇര കൂടുതൽ കടക്കാരനായി മാറുന്നു. ഇത്തരത്തിലുള്ള ഇരുപതോളം കേസുകൾ ഒരു മാസത്തിനിടെ കൈകാര്യം ചെയ്തതായി സൈബർ കേസുകളുടെ നിയമ വിദഗ്ധർ പറഞ്ഞു.
ഉമ്മുൽഖൈനിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി സുദേഷ് മോഹന് 5000 ദിർഹമാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്. ഫെയ്സ് ബുക്കിൽ കണ്ട പരസ്യത്തിലെ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ വായ്പ എങ്ങനെ ലഭ്യമാക്കാമെന്നതിനെക്കുറിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലും മാർഗോപദേശം ലഭിച്ചു. നാട്ടിൽ വീട് നിർമാണവും തുടർന്ന് സഹോദരിയുടെ വിവാഹവുമായി വലിയ തുക കടത്തിലായ, കുടുംബത്തിന്റെ ഏക ആശ്രയമായ സുദേഷ് വൻതുകയാണ് വായ്പയായി ആവശ്യപ്പെട്ടത്. ഇതിനുള്ള നടപടികൾ പൂർത്തിയാക്കാൻ 5,000 ദിർഹം രണ്ടുപ്രാവശ്യമായി അയച്ചുകൊടുക്കുകയും ചെയ്തു.
പലിശരഹിതമായ വലിയ തുക കാര്യമായ നടപടിക്രമങ്ങളൊന്നുമില്ലാതെയാണല്ലോ ലഭ്യമാവുക എന്ന് കരുതി മറ്റൊന്നും ആലോചിക്കാതെ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 500 ദിർഹം വീതം 10 മാസം ശമ്പളത്തിൽ നിന്ന് എടുക്കാനുള്ള ധാരണയിൽ 5,000 ദിർഹം വാങ്ങി നൽകുകയായിരുന്നു. എന്നാൽ ഇതിന് ശേഷം സംഘത്തിന്റെ യാതൊരു വിവരവും ലഭിക്കാത്തപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്.
∙ ഓൺലൈൻ തട്ടിപ്പുകാരിൽ നിന്ന് സ്വയം പരിരക്ഷ
-ഉറവിടങ്ങൾ സ്ഥിരീകരിക്കുക. ലോണുകളോ ജോലിയോ വാഗ്ദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ നിയമസാധുത എപ്പോഴും പരിശോധിക്കുക.
-ഏതെങ്കിലും പേയ്‌മെന്റുകൾ നടത്തുന്നതിനോ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നതിനോ മുൻപ് ഔദ്യോഗിക ചാനലുകൾ വഴി അവരെ നേരിട്ട് ബന്ധപ്പെടുക.
-മുൻകൂർ ഫീസ് ഒഴിവാക്കുക. അംഗീകാരത്തിന് മുമ്പ് മുൻകൂർ ഫീസ് ആവശ്യമായ ഏതെങ്കിലും ലോൺ ഓഫറുകളെ കുറിച്ച് അതീവ ജാഗ്രത പുലർത്തുക.
-സംശയാസ്പദമായ എന്തെങ്കിലും കണ്ടാലോ അറിഞ്ഞാലോ റിപോർട്ട് ചെയ്യുക. എന്തെങ്കിലും സംശയാസ്പദമായ സന്ദേശങ്ങളോ ഓഫറുകളോ ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ പൊലീസ് സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റിനെയോ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയെയോ (ടിആർഎ) അറിയിക്കുക.
-വഞ്ചനാപരമായ പ്രവർത്തനങ്ങൾ ട്രാക് ചെയ്യുന്നതിനും അടച്ചുപൂട്ടുന്നതിനും റിപോർട്ടിങ് സഹായിക്കും. അക്കൗണ്ട് അപഹരിക്കപ്പെട്ടാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടുക.
–ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. ആവശ്യപ്പെടാത്ത സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിൽ അതീവ ജാഗ്രത പുലർത്തുക. നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ നേരിട്ട് ഔദ്യോഗിക വെബ്സൈറ്റിലേക്ക് പ്രവേശിക്കുക.
–എല്ലാ സാമ്പത്തിക അക്കൗണ്ടുകളിലും സേവനങ്ങളിലും ടു-ഫാക്ടർ ഓതൻ്റിക്കേഷൻ (2എഫ് എ) പ്രവർത്തനക്ഷമമാക്കുക. ഇത് ഒു അധിക സുരക്ഷയാണ്. തട്ടിപ്പുകാർക്ക് നിങ്ങളുടെ വിവരങ്ങൾ ലഭ്യമാകുന്നതിന് ഇത് കൂടുതൽ തടസ്സം സൃഷ്ടിക്കുന്നു.
-സാമ്പത്തിക പ്രസ്താവനകൾ നിരീക്ഷിക്കുക. ഏതെങ്കിലും അനധികൃത ഇടപാടുകൾക്കായി ബാങ്ക്, ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റുകൾ പതിവായി അവലോകനം ചെയ്യുക. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം നിങ്ങളുടെ ധനകാര്യ സ്ഥാപനത്തിൽ ഉടനടി റിപോർട്ട് ചെയ്യുക.
-സുരക്ഷാ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക. വൈറസ് കണ്ടെത്തുന്നതിനും തടയുന്നതിനുമായി കംപ്യൂട്ടറിലും മറ്റും ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകളും ആൻ്റിവൈറസ് സോഫ്‌റ്റ്‌വെയറുകളും ഉണ്ടെന്ന് ഉറപ്പാക്കുക.
- പൊതുവായ തട്ടിപ്പ് തന്ത്രങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക, നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബോധവൽക്കരിക്കുക. വഞ്ചന തടയുന്നതിനുള്ള ശക്തമായ വഴിയാണ് ബോധവൽക്കരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല