1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2024

സ്വന്തം ലേഖകൻ: കുവൈത്തില്‍ മൊബൈല്‍ ആപ്പ് വഴി ഇനി എളുപ്പത്തില്‍ പണം അയക്കാം. നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത് തങ്ങളുടെ മൊബൈല്‍ ആപ്പില്‍ തല്‍ക്ഷണ പേയ്മെന്റ് സേവനം (ഇന്‍സ്റ്റന്റ് പെയ്‌മെന്റ് സര്‍വീസ്) ആരംഭിച്ചതോടെയാണിത്. പണം കൈമാറ്റം ലളിതമാക്കുന്നു എന്നതാണ് തല്‍ക്ഷണ പേയ്മെന്റ് സേവനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പണം അയയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഗുണഭോക്താവിന്റെ സാധുവായ മൊബൈല്‍ നമ്പര്‍ മാത്രം മതിയാവും.

ഇടപാട് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സ്വീകര്‍ത്താവിന്റെ മൊബൈല്‍ നമ്പര്‍, കൈമാറ്റം ചെയ്യാന്‍ ഉദ്ദേശിക്കുന്ന തുക, ഇടപാടിന്റെ ഉദ്ദേശ്യം, അധിക കുറിപ്പുകള്‍ എന്നിവ നല്‍കിയ ശേഷം നിബന്ധനകള്‍ അംഗീകരിക്കുക കൂടി ചെയ്താല്‍ പണം അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. കുവൈത്ത് നാഷനല്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്പ് വഴി ഇന്‍സ്റ്റന്റ് പെയ്‌മെന്റ് സേവനം ആക്സസ് ചെയ്യുന്നതിന്, ഉപഭോക്താക്കള്‍ ആദ്യം ആപ്പ് സൈന്‍ അപ്പ് ചെയ്യുകയും പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ഒരു ബാങ്ക് അക്കൗണ്ടുമായി അതിനെ ബന്ധിപ്പിക്കുകയും വേണം.

മൊബൈല്‍ ബാങ്കിംഗ് ആപ്പ് ഉപഭോക്താക്കള്‍ക്ക് അവരുടെ ധനകാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരു സുരക്ഷിത പ്ലാറ്റ്‌ഫോം ലഭ്യമാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നാഷനല്‍ ബാങ്ക് ഓഫ് കുവൈത്ത് അധികൃതര്‍ അറിയിച്ചു.

പുതിയ അക്കൗണ്ടുകള്‍ തുറക്കുക, ഇടപാടുകള്‍ നിരീക്ഷിക്കുക, റിവാര്‍ഡ് പോയിന്റുകള്‍ ആക്സസ് ചെയ്യുക, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക തീര്‍ക്കുക, ബില്ലുകള്‍ അടയ്ക്കുക, ശാഖകളും എടിഎമ്മുകളും കണ്ടെത്തുക, അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ അഭ്യര്‍ത്ഥിക്കുക, വ്യക്തിഗത വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുക എന്നിങ്ങനെ വിപുലമായ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, വിദേശത്താണെങ്കിലും ടോള്‍ ഫ്രീ നമ്പറുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് സഹായത്തിനായി ബാങ്കിനെ സമീപിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

തല്‍ക്ഷണ പേയ്മെന്റ് സിസ്റ്റം ദേശീയ പേയ്മെന്റ് സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അധികൃതര്‍ അറിയിച്ചു. വിവിധ ഉപഭോക്തൃ വിഭാഗങ്ങളുടെ ആവശ്യകതകള്‍ നിറവേറ്റുന്ന സുരക്ഷിതവും നൂതനവുമായ പേയ്മെന്റ് പരിഹാരം ഇത് പ്രദാനം ചെയ്യുന്നു. മാത്രമല്ല ഇലക്ട്രോണിക് സാമ്പത്തിക ഇടപാടുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ട് കുവൈത്തില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഈ സേവനം അതിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്പിലേക്ക് ചേര്‍ക്കുന്നതിലൂടെ, ഉപഭോക്തൃ സംതൃപ്തി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യവും ബാങ്കിനുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.