സ്വന്തം ലേഖകന്‍: ബുദ്ധനെ അപമാനിച്ചു എന്ന കുറ്റത്തിന് മ്യാന്മറില്‍ ഒരു ന്യൂസിലന്റുകാരന്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് കോടതി തടവു ശിക്ഷ വിധിച്ചു. മ്യാന്മറില്‍ ബാര്‍ മാനേജരായ ന്യൂസിലന്റുകാരന്‍ ഫിലിപ് ബ്ലാക്ക്‌വുഡ്, റസ്റ്റോറന്റ് ഉടമ തുന്‍ തുറൈന്‍,റസ്റ്റോറന്റ് ജീവനക്കാരന്‍ ടുട് കോ കോ എന്നിവരാണ് പിടിയിലായത്.
മൂന്നു പേരും ചേര്‍ന്ന് തലയില്‍ ഹെഡ്‌ഫോണ്‍ അണിഞ്ഞ് അടിപൊളിയായി നില്‍ക്കുന്ന ബുദ്ധന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മതനിന്ദക്ക് രണ്ടു വര്‍ഷവും പോസ്റ്റ് പിന്‍വലിക്കാനുള്ള അധികൃതരുടെ ഉത്തരവ് അവഗണിച്ചതിന് ആറു മാസവുമാണ് ശിക്ഷ.
റസ്റ്റോറന്റിന്റെ പ്രചാരണത്തിനു വേണ്ടിയാണ് മൂവര്‍ സംഘം ബുദ്ധന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പരസ്യം പിന്നീട് പിന്‍വലിക്കുകയും മൂവരും മാപ്പു പറയുകയും ചെയ്തു. എന്നാല്‍ മൂന്നു പേരേയും വിട്ടയക്കാന്‍ കോടതി തയ്യാറായില്ല.
റസ്റ്റോറന്റുകാര്‍ ചെയ്തത് ശരിയായില്ലെങ്കിലും അതിന്റെ പേരില്‍ ജയിലിലടക്കേണ്ട കാര്യമില്ലെന്ന് വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. തീരുമാനത്തിനു പിന്നില്‍ മ്യാന്മറില്‍ പിടിമുറുക്കി കൊണ്ടിരിക്കുന്ന ബുദ്ധമത തീവ്രവാദ ഗ്രൂപ്പുകളാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ബുദ്ധമതക്കാര്‍ ഭൂരിപക്ഷമായ മ്യാന്മറില്‍ അടുത്തിടെ ശക്തിയാര്‍ജിക്കുന്ന മതവാദികളുടെ സ്വാധീനമാണ് കോടതി വിധിക്കു പിന്നിലെന്ന് നിരീക്ഷകര്‍ കരുതുന്നു. ഒപ്പം രാജ്യത്തെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചു വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല