സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളില്‍ പാക്കിസ്ഥാന് എട്ടാം സ്ഥാനം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, ആഭ്യന്തര കലഹം എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തില പഠനത്തിലാണ് പാക്കിസ്ഥാന്‍ എട്ടാമതെത്തിയത്. ദി ഇന്റല്‍സെന്റര്‍ എന്ന രാജ്യാന്തര ഏജന്‍സിയാണ് പഠനം നടത്തിയത്.
ഇറാക്കും സിറിയയുമാണ് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. തീവ്രവാദി ആക്രമണങ്ങളുടെ വ്യാപ്തി, തീവ്രവാദി ഗ്രൂപ്പുകള്‍ തമ്മിലുള്ള സന്ദേശങ്ങള്‍ കൈമാറുന്ന തോത്, പുറത്തു വരുന്ന വീഡിയോകള്‍, ഫോട്ടോകള്‍, കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം എന്നിവ പരിഗണിച്ചാണ് പട്ടിക ഉണ്ടാക്കിയത്.
പട്ടികയില്‍ ഇടം നേടിയ രാജ്യങ്ങളില്‍ അധികവും ഏഷ്യയിലെ മുസ്ലീം രാജ്യങ്ങളാണെന്ന പ്രത്യേകതയും ഉണ്ട്. പട്ടികയിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റിന്റേയും സഹോദര സംഘടനകളുടേയും സജീവ സാന്നിധ്യമുണ്ട്. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്.
അതേസമയം ഇന്റല്‍സെന്റര്‍ പട്ടിക ഈ രാജ്യങ്ങളുടെ സുരക്ഷാ സാഹചര്യങ്ങളെ സംബന്ധിക്കുന്ന അവസാന വാക്കല്ലെന്നും അത് ആഭ്യന്തര സുരക്ഷയെ സൂചിപ്പിക്കുന്ന ഒരു ഘടകം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകരാജ്യങ്ങളിലെ കുറ്റകൃത്യങ്ങളുടെ നിരക്ക്, രാഷ്ട്രീയ അസ്ഥിരത എന്നീ ഘടകങ്ങള്‍ പഠനത്തില്‍ പരിഗണിച്ചിട്ടില്ല.
ആഗോള വ്യാപകമായി നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഒരു സൂചകം മാത്രമാണ് ഈ പട്ടികയെന്ന് ഇന്റല്‍സെന്റര്‍ അറിയിച്ചു. ലോകത്തെ പ്രമുഖ രഹസ്യാന്വേഷണ സംഘടനകള്‍ക്കു വേണ്ടി വാഷിംഗ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഏജന്‍സിയാണ് ഇന്റല്‍സെന്റര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല