ബ്രിട്ടണിലെയും യുഎസിലെയും സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ രഹസ്യവിവരങ്ങള്‍ കൈമാറിയത് നിയമവിരുദ്ധമാണെന്ന് ബ്രിട്ടീഷ് ട്രൈബ്യൂണല്‍ വിധി. സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പ് ഉന്നയിച്ച പരാതിയില്‍ 2014 ഡിസംബര്‍ മാസം വരെ ഇരു ഏജന്‍സികളും സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇന്‍വെസ്റ്റിഗേറ്ററി പവര്‍സ് ട്രിബ്യൂണലാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. അമേരിക്കയുടെ രഹസ്യാന്വേഷ ഏജന്‍സിയായ എന്‍എസ്എ ശേഖരിച്ച ബ്രിട്ടണിലെ ലക്ഷക്കണക്കിന് വരുന്ന ആളുകളുടെ വിവരങ്ങള്‍ ജിസിഎച്ച്ക്യു പരിശോധിച്ചിട്ടുണ്ടെന്ന് വിധിയില്‍ പറയുന്നു.
എഡ്വേര്‍ഡ് സ്‌നോര്‍ഡന്‍ നടത്തിയ അമേരിക്കയുടെ ഒളിഞ്ഞ് നോട്ട രഹസ്യങ്ങളുട അടിസ്ഥാനത്തില്‍ ലിബര്‍ട്ടി, പ്രൈവസി ഇന്റര്‍നാഷ്ണല്‍, ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍ എന്നിവര്‍ ചേര്‍ന്നാണ് ട്രൈബ്യൂണലിന് പരാതി സമര്‍പ്പിച്ചത്.
ജിസിഎച്ച്ക്യു, എംഐ5, എംഐ6 തുടങ്ങിയ ഏജന്‍സികള്‍ക്കെതിരെ നിരന്തരം പരാതികള്‍ ഉയരാറുണ്ടെങ്കിലും ട്രൈബ്യുണലിന്റെ പതിനഞ്ച് വര്‍ഷ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിനും കൈമാറുന്നതിനുമെതിരായി വിധി പുറപ്പെടുവിക്കുന്നത്.
ട്രൈബ്യൂണലില്‍ ലഭിച്ച പരാതിയെത്തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് ജിസിഎച്ച്ക്യു എത്തരത്തിലാണ് വിവരങ്ങള്‍ പരിശോധിച്ചതും കൈകാര്യം ചെയ്തതും എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതായി വന്നു. പ്രിസം, അപ്‌സ്ട്രീം തുടങ്ങിയ യുഎസ് ചാര പദ്ധതികള്‍ക്ക് ബ്രിട്ടണിലെ ആളുകളുടെ രഹസ്യ സംഭാഷണങ്ങളും സന്ദേശങ്ങളും കൈമാറിയതും ശേഖരിക്കാന്‍ സഹായിച്ചതും മാനുഷിക അവകാശങ്ങളുടെ ലംഘനമാണെന്ന് ട്രൈബ്യൂണല്‍ വിധി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല