സ്വന്തം ലേഖകൻ: ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് സ്റ്റാർഷിപ്. അനേകം ആളുകളെ വഹിക്കാനുള്ള ശേഷിയുള്ള വമ്പൻ സ്റ്റീൽ റോക്കറ്റ്. ഈ റോക്കറ്റിന്റെ പരീക്ഷണപ്പറക്കൽ അടുത്തിടെ പൂർത്തീകരിച്ചിരുന്നു. എന്നാൽ ബഹിരാകാശ പര്യവേക്ഷണം എന്നതിനപ്പുറം വളരെ ബൃഹത്തായ ഗതാഗത പദ്ധതികളും സ്റ്റാർഷിപ്പിനെ അടിസ്ഥാനപ്പെടുത്തി സ്പേസ് എക്സ് ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ കൊച്ചിയിൽനിന്നോ മറ്റോ ന്യൂയോർക്ക് വരെ പോയി വരാൻ പറ്റുക. അതും അര മുതൽ ഒരു മണിക്കൂർ വരെ യാത്രാസമയത്തിൽ. ഇപ്പോൾ നമ്മൾക്ക് അസംഭവ്യമെന്നു തോന്നുന്ന ഇത് ഭാവിയിൽ സംഭവിച്ചേക്കാം. ‘റോക്കറ്റുകളുടെ തമ്പുരാൻ’ എന്നറിയപ്പെടുന്ന ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണിത്. സ്പേസ് എക്സിന്റെ ഈ യാത്രാപദ്ധതിയെക്കുറിച്ചുള്ള ചിന്തകൾ സമൂഹമാധ്യമങ്ങളിൽ ഉയർത്തിവിട്ടിരിക്കുകയാണ് അലക്സ് ടൂർവില്ലെ എന്ന എൻജിനീയർ.
ഡോണൾഡ് ട്രംപ് സർക്കാർ യുഎസിൽ വരുന്നതോടെ ഈ പദ്ധതിക്ക് യുഎസിന്റെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ അനുമതി കിട്ടിയേക്കാമെന്ന് ഒരു ഉപയോക്താവ് പോസ്റ്റിട്ടിരുന്നു. ഇതിനു മറുപടിയായി, ഇതു സംഭവ്യമാണെന്ന് ഇലോൺ മസ്ക് എക്സിൽ കുറിച്ചത് വലിയ പ്രതീക്ഷകൾക്കാണ് വഴിതുറന്നിരിക്കുന്നത്. പേടകവും സൂപ്പർഹെവി എന്ന റോക്കറ്റും ചേർന്നതാണു സ്റ്റാർഷിപ്. പൂർണമായി സ്റ്റെയിൻലസ് സ്റ്റീലിൽ നിർമിക്കപ്പെട്ട പേടകം പരമാവധി 100 ആളുകളെ വരെ വഹിക്കും. 150 മട്രിക് ടൺ വാഹകശേഷിയുണ്ട്.
ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്കോപ്പുകളും ബഹിരാകാശത്തെത്തിക്കാനും ചന്ദ്രനിൽ കോളനിയുണ്ടാക്കാൻ ആളുകളെയും സാമഗ്രകളെയുമൊക്കെ എത്തിക്കാനും ഇതിനു ശേഷിയുണ്ട്. മീഥെയ്നാണ് റോക്കറ്റിന്റെ പ്രധാന ഇന്ധനം. ഭാവിയിൽ ചൊവ്വയിലും മറ്റും കാണപ്പെടുന്ന മീഥെയ്നും ഇന്ധനമായി ഉപയോഗിക്കാം എന്ന ചിന്ത ഇതിനു പിന്നിലുണ്ട്. റാപ്റ്ററുകൾ എന്നു പേരുള്ള കരുത്തുറ്റ എൻജിനുകളാണ് സ്റ്റാർഷിപ്പിന് ഊർജം നൽകുന്നത്.
ഇത്തരം 33 എൻജിനുകൾ റോക്കറ്റിലുണ്ട്. പേടകത്തിൽ 3 റാപ്റ്റർ എൻജിനുകളും 3 റാപ്റ്റർ വാക്വം എൻജിനുകളുമുണ്ട്.400 അടി ഉയരമുള്ളതാണു സ്റ്റാർഷിപ്. എന്നാൽ ചന്ദ്ര, ചൊവ്വ യാത്ര പോലുള്ള സ്വപ്നപദ്ധതിക്കു പുറമേ ഭൂമിയിലെ യാത്രയ്ക്കും സ്റ്റാർഷിപ് ഉപയോഗിക്കാം. ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളിൽ സഞ്ചരിച്ചെത്താമെന്നു പറയുന്നത് സാക്ഷാൽ ഇലോൺ മസ്ക് തന്നെയാണ്. ഇൻട്രാ എർത്ത് ട്രാവൽ എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേര്.
ഇലോൺ മസ്കിന്റെ സ്വപ്നങ്ങളും ആശയങ്ങളുമൊക്കെ വേറെ ലെവലിലുള്ളതാണ്. ഭാവിയിൽ സൂര്യൻ ഗ്രഹങ്ങളെ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഇപ്പോൾ തന്നെ മനുഷ്യരാശി മറ്റുപലയിടങ്ങളിലേക്കും പോകണമെന്നുള്ള ആശയമാണ് സ്പേസ് എക്സിന്റെ പിറവിക്കു തുടക്കമിട്ടത്. അതു പോലെ തന്നെ എപ്പോഴും എവിടെയും എത്രയും പെട്ടെന്ന് എത്താൻ കഴിയുക എന്നൊരു സൗകര്യമാകാം സമീപഭാവിയിൽ സ്റ്റാർഷിപ് റോക്കറ്റ് യാഥാർഥ്യമാക്കുന്നത്. കേരളത്തിൽ നിന്നു ന്യൂയോർക്കിലോ ദുബായിലോ ഒക്കെ പോയി ജോലി ചെയ്തു തിരികെ വന്ന് വീട്ടിൽ നിന്ന് അത്താഴം കഴിക്കുന്ന ഒരു കാലമാകാം അന്നു വരിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല