
സ്വന്തം ലേഖകൻ: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാം.
കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഇഡിയോട് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന , ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ കെജ്രിവാളിന് കഴിയില്ല.
കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഇഡിയുടെ കാലതാമസവും ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേസമയം അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹര്‍ജിയില്‍ വാദം തുടരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയമായതിനാല്‍ തന്നെ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ ആംആദ്മി ശ്രമിക്കും.
ഇഡിക്കുണ്ടായ തിരിച്ചടി മുന്‍നിര്‍ത്തിയാകും എഎപിയുടെ പോരാട്ടം. കെജ്രിവാളിന് ജാമ്യം ലഭിച്ച ഉടന്‍ ആംആദ്മി പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി ആഘോഷങ്ങള്‍ തുടങ്ങി. പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന്‍ സിങ്ങും ഇന്ന് ഡല്‍ഹിയിലെത്തും. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കുന്നത് വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല