1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2024

സ്വന്തം ലേഖകൻ: സാങ്കേതിക വിദഗ്ധരായ യുവാക്കൾക്കായി അമ്പത് വർഷ കാലയളവില്‍ ഒരു ലക്ഷം കോടി രൂപയുടെ പലിശ രഹിത വായ്പയ്ക്ക് സംവിധാനമൊരുക്കുമെന്ന് നിർമല സീതാരാമൻ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചു. ഇതുവഴി ദീർഘ-കാല-വായ്പകളോ, ചെറിയ പലിശനിരക്കിലോ പലിശയില്ലാതെയോ ദീർഘ കാലത്തേക്ക് പുനര്‍വായ്പകളോ ലഭ്യമാക്കുമെന്ന് അവർ അറിയിച്ചു. ‘സൺറൈസ്’ രംഗങ്ങളില്‍ ഗവേഷണവും നവീകരണവും ഗണ്യമായി വർദ്ധിപ്പിക്കുന്നതിന് ഇത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

യുവാക്കളായ അമൃത് തലമുറയെ ശാക്തീകരിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഇടക്കാല ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കൊണ്ടു ധനമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം 2020, പരിവര്‍ത്തനപരമായ പരിഷ്‌കാരങ്ങള്‍ക്കു തുടക്കമിടുകയാണെന്നും മന്ത്രി പറഞ്ഞു. സ്‌കില്‍ ഇന്ത്യാ മിഷനു കീഴില്‍ 1.4 കോടി യുവാക്കള്‍ക്കു പരിശീലനം, 54 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ, പുനര്‍നൈപുണ്യ പരിശീലനം, 3000 പുതിയ ഐടിഐകള്‍ സ്ഥാപിക്കുക തുടങ്ങിയവ സാധ്യമാക്കി. 35 ലക്ഷം തൊഴിലവസരങ്ങൾ ഉടൻ സാധ്യമാക്കും.

7 ഐഐടികള്‍, 16 ഐഐഐടികള്‍, 7 ഐഐഎമ്മുകള്‍, 15 എയിംസ്, 390 സര്‍വകലാശാലകള്‍ എന്നിങ്ങനെ ഒട്ടേറെ പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്ത് ആരംഭിച്ചതായി ധനമന്ത്രി അറിയിച്ചു. സംരംഭകത്വ അഭിലാഷങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന് പിഎം മുദ്ര യോജന വഴി 43 കോടി വായ്പകളിലൂടെ 22.5 ലക്ഷം കോടി രൂപ അനുവദിച്ചു. വനിതാ സംരംഭകർക്ക് മുപ്പത് കോടി മുദ്ര യോജന വായ്പകള്‍ അനുവദിച്ചു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് നാല് പ്രധാന വിഭാഗങ്ങളിൽ അതായത് ദരിദ്രർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. “അവരുടെ ആവശ്യങ്ങൾ, അവരുടെ അഭിലാഷങ്ങൾ, അവരുടെ ക്ഷേമം എന്നിവയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന. അവർ പുരോഗമിക്കുമ്പോൾ രാജ്യം പുരോഗമിക്കുന്നു. അവരുടെ ശാക്തീകരണവും ക്ഷേമവും രാജ്യത്തെ മുന്നോട്ട് നയിക്കും,” നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.