സ്വന്തം ലേഖകൻ: ഒക്ടോബറിലെ ഇടക്കാല ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടായേക്കുമെന്ന സൂചനകള്‍ നല്‍കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുധനത്തില്‍ ഉണ്ടായ 22 ബില്യണ്‍ പൗണ്ടിന്റെ കമ്മി നികത്തുന്നതിനായി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില നടപടികള്‍ വേണ്ടി വന്നേക്കും എന്നാണ് അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കഴിഞ്ഞ 14 വര്‍ഷക്കാലത്തെ ഭരണം വരുത്തിയ കേടുകള്‍ തീര്‍ക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കുമെന്നും പ്രധാനമന്ത്രി ആയതിന് ശേഷം നമ്പര്‍ 10 ല്‍ നിന്നും നടത്തിയ ആദ്യത്തെ പ്രധാന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഡൗണിഗ് സ്ട്രീറ്റിലെ ഉദ്യാനത്തില്‍ ഏകദേശം അമ്പതോളം പേരോട് സംസാരിക്കുന്നതിനിടയില്‍, ഈ ഉദ്യാനം ലോക്ക്ഡൗണ്‍ കാലത്ത് വിരുന്ന് നടത്താന്‍ ബോറിസ് ജോണ്‍സണ്‍ ഉപയോഗിച്ചതും അദ്ദേഹം പരാമര്‍ശിച്ചു. തമാശകള്‍ പറഞ്ഞ് ആരംഭിച്ച പ്രസംഗം സാവധാനം ഗൗരവകരമായ കാര്യങ്ങളിലേക്ക് കടക്കുകയായിരുന്നുഒക്ടോബറില്‍ ഒരു ബജറ്റ് വരുന്നുണ്ട് എന്നും അത് വേദനാജനകമായിരിക്കും എന്നുമയിരുന്നു അദ്ദേഹം ആദ്യം നല്‍കിയ മുന്നറിയിപ്പ്.
ഇപ്പോള്‍ രാജ്യമെത്തി നില്‍ക്കുന്ന സാഹചര്യം പരിഗണിക്കുമ്പോള്‍ അതല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ തങ്ങള്‍ക്ക് മുന്‍പിലില്ലെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. ശക്തിയുള്ള തോളുകള്‍ ഉള്ളവര്‍ കൂടുതല്‍ ഭാരം താങ്ങണമെന്ന് പറഞ്ഞ അദ്ദേഹം, അതുകൊണ്ടാണ് നോണ്‍ ഡോം സ്റ്റാറ്റസുള്ളവരെ ഉന്നം വയ്ക്കുന്നതെന്നും പറഞ്ഞു. അത്തരമൊരു സ്റ്റാറ്റസ് ലഭിക്കുന്നത് ഇനിമുതല്‍ ക്ലേശകരമായേക്കും. ഏറെ ക്ലേശങ്ങള്‍ അനുഭവിച്ചതിന് ശേഷം വീണ്ടും കൂടുതല്‍ സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന ഒരു തീരുമാന കേള്‍ക്കാനല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം അത്തരമൊരു കാര്യം പറയാന്‍ താനും ആഗ്രഹിച്ചിരുന്നില്ലെന്നും പറഞ്ഞു. പക്ഷെ സാഹചര്യം അതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, വരുമാന നികുതി, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന കാര്യം പ്രധാനമന്ത്രിയും ചാന്‍സലറും നിഷേധിച്ചിരുന്നു. നികുതി വര്‍ദ്ധിപ്പിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല എന്ന് പറഞ്ഞിരുന്ന അവര്‍ ഇപ്പോള്‍ എടുത്തു കാണിക്കുന്നത് ഭീമമായ ധനക്കമ്മിയാണ്. ക്യാപിറ്റല്‍ ഗെയ്ന്‍സ് ടാക്സ്, ഇന്‍ഹെരിറ്റന്‍സ് ടാക്സ് എന്നിവയില്‍ വര്‍ദ്ധനവ് ഉണ്ടായേക്കും എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍ പറയുന്നത്. അതുപോലെ പൊതു ചെലവും കുറയ്ക്കാന്‍ ശ്രമിച്ചേക്കും. അതിന്റെ ഭാഗമായി ഏകദേശം 10 മില്യന്‍ പെന്‍ഷന്‍കാര്‍ക്കുള്ള വിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റ് എടുത്തു കളയുമെന്ന് ചാന്‍സലര്‍ ഇതിനോടകം തന്നെ പ്രസ്താവിച്ചു കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല