1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2024

സ്വന്തം ലേഖകൻ: ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രമുള്ള സന്ദര്‍ശകര്‍ക്കും ഇനി മുതല്‍ ഒമാനില്‍ വാഹനങ്ങള്‍ ഓടിക്കാം. നിലവിലെ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിക്കൊണ്ടുള്ള റോയല്‍ ഒമാന്‍ പോലീസിന്റെ (ആര്‍ഒപി) പുതിയ തീരുമാനത്തെ തുടര്‍ന്നാണിത്. പുതുക്കിയ നിയന്ത്രണങ്ങള്‍ പ്രകാരം ഒമാന്‍ സന്ദര്‍ശിക്കുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക് അവരുടെ സ്വദേശത്തെ ഡ്രൈവിംഗ് ലൈസന്‍സുമായി ഇനി ഒമാനില്‍ വാഹനം ഓടിക്കാനാവും. എന്നാല്‍ ഏതാനും നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ഈ അനുമതി.

റോയല്‍ ഒമാന്‍ പോലീസിന്റെ പുതിയ തീരുമാനം അനുസരിച്ച് വിദേശ സന്ദര്‍ശകര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്നുള്ള സാധുവായ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കില്‍ ഒമാനില്‍ മൂന്ന് മാസം വരെ വാഹനം ഓടിക്കാന്‍ അനുമതിയുണ്ടാവും. ഇവര്‍ ടൂറിസ്റ്റ് വീസയിലോ ട്രാന്‍സിറ്റ് വീസയിലോ രാജ്യത്തേക്ക് പ്രവേശിച്ചവര്‍ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. മറ്റ് വീസക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ടൂറിസ്റ്റ്, ട്രാന്‍സിറ്റ് വീസകളില്‍ ഒമാനിലേക്ക് പ്രവേശിക്കുന്ന തീയതി മുതലാണ് വിദേശ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള മൂന്നു മാസത്തെ കാലാവധി ആരംഭിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. സാധുവായ ടൂറിസ്റ്റ് വീസ കൈവശമുണ്ടായിരിക്കണം എന്നും നിബന്ധനയുണ്ട്.

ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പോലുള്ള അംഗീകൃത ഓര്‍ഗനൈസേഷനുകള്‍ നല്‍കുന്ന അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സുകളും ഇതേ കാലയളവിലേക്ക് സ്വീകരിക്കുമെന്ന് റോയല്‍ ഒമാന്‍ പോലിസ് അറിയിച്ചു. അഥവാ രാജ്യത്തെത്തിയതു മുതല്‍ മൂന്നു മാസം പൂര്‍ത്തിയാവുന്നതു വരെ ഇതുപയോഗിച്ച് വാഹനം ഓടിക്കാം. ഈ പ്രത്യേകാവകാശം ഹ്രസ്വകാല സന്ദര്‍ശകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതായും ഓമാന്‍ പോലിസ് അറിയിച്ചു. ഒമാനില്‍ സ്ഥിരമായി താമസിക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലെ ലൈസന്‍സ് ഉപയോഗിച്ച് ഒമാനില്‍ വാഹനം ഓടിക്കാനാവില്ല. അവര്‍ നിര്‍ബന്ധമായും ഒമാനി ഡ്രൈവിങ് ലൈസന്‍സ് നേടിയിരിക്കണം.

സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് വിദേശ ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍, പ്രാദേശിക നിയമങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ കൂടുതല്‍ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള ഒമാന്‍ സുല്‍ത്താനേറ്റിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതായി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഒമാനി നിയന്ത്രണങ്ങള്‍ പ്രകാരം ലൈസന്‍സിന് യോഗ്യത നേടുന്നതിന് ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. എന്നാല്‍ സ്വന്തം നാട്ടിലെ ലൈസന്‍സ് ഉള്ളവരാണെങ്കില്‍ ഈ പ്രായപരിധി അവര്‍ക്ക് ബാധകമാവില്ല. 18 വയസ്സില്‍ കുറവ് പ്രായമുള്ളവര്‍ക്കും മാതൃരാജ്യത്തെ ലൈസന്‍സുണ്ടെങ്കില്‍ ഒമാനില്‍ നിബന്ധനകള്‍ക്കു വിധേയമായി വാഹനം ഓടിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.