സ്വന്തം ലേഖകൻ: വീണ്ടുമൊരു നഴ്സസ് ദിനം; ലോകമെങ്ങും മലയാളി നഴ്സുമാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ സജീവം. കഴിവും കാര്യപ്രാപ്തിയും അർപ്പണ മനോഭാവവും കൈമുതലാക്കി അവർ നടത്തുന്ന സേവനത്തെ വിവിധ സർക്കാരുകളും സ്വദേശികളും വിദേശികളും ആദരവോടെ കാണുന്നു. ലോകത്തിലെ ഏറ്റവും കഴിവും കാര്യക്ഷമതയുമുള്ള നഴ്സുമാർ എന്ന ബഹുമതി ശരിവെക്കുന്ന പ്രവർത്തനമാണ് കേരളത്തിൻ്റെ ഈ മാലാഖമാരുടെ സൈന്യം കാഴ്ചവെക്കുന്നത്.
സര്‍വീസിനിടയിലെ ഏറ്റവും പ്രതികൂല സാഹചര്യങ്ങളിലൊന്ന് നേരിടുകയാണ് ലോകമാകെയുള്ള നഴ്സുമാര്‍. അവധി പോലുമില്ലാത്ത കോവിഡ് ഡ്യൂട്ടിയില്‍ സ്വയം തളരാതെ നോക്കുകയാണവര്‍. ഒന്നര വര്‍ഷമായിട്ടും തുടരുന്ന കോവിഡ് വാര്‍ഡിലെ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പലർക്കും തൊണ്ടയി റുന്നു.
കോവിഡിനെ ചെറുത്ത് തോൽപിക്കാൻ രാത്രിയോ പകലെന്നോ ഇല്ലാതെ നിസ്വാർത്ഥ സേവനത്തിൽ മുകഴുകിയിരിക്കുകയാണ് കേരളത്തിലെ നഴ്സുമാർ. ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പിന്മുറക്കാരായി കൊണ്ട് മനസിനും ശരീരത്തിനും വേദനയുള്ള മനുഷ്യരെ ആശ്വസിപ്പിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരിക എന്ന ധൗത്യമാണ് ലോകത്തെമ്പാടുമുള്ള നഴ്സുമാർ ചെയ്യുന്നതെന്ന് അന്താരാഷ്ട്ര നഴ്സിംഗ് ദിനത്തിന് ആശംസ അറിയിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
നിപ്പ ബാധിച്ചു മരണപ്പെട്ട സിസ്റ്റർ ലിനിയെ കുറിച്ചും ആരോഗ്യ മന്ത്രി ഓർത്തു. നിപ്പ ബാധിച്ച് ചികിത്സയിൽ ആയിരുന്നപ്പോഴും തന്നിൽ നിന്ന് ആർക്കും രോഗം ബാധിക്കരുത് എന്നാണ് ലിനി ആഗ്രഹിച്ചത് എന്ന് മന്ത്രി പറഞ്ഞു. ഒപ്പം കോട്ടയത്ത് ആദ്യമായി കോവിഡ് ബാധിച്ച നേഴ്സ് രോഗം ഭേദമായ ശേഷം തിരികെ കോവിഡ് ഡ്യൂട്ടിയിൽ പ്രവേശിച്ചതും ആരോഗ്യ മന്ത്രി ഓർത്തു.
ലോക്ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ലോക നഴ്സസ് ദിനം സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ കോവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനമായി ആചരിക്കാൻ കേരള ഗവ. നഴ്സസ് യൂണിയൻ തീരുമാനിച്ചിരുന്നു.
ഐ.സി.എന്നിന്റെ കണക്കുകള്‍ പ്രകാരം 2021 ജനവരി 31 വരെ ലോകമെമ്പാടും കോവിഡ് രോഗബാധ മൂലം മരണമടഞ്ഞ നഴ്സുമാരുടെ എണ്ണം രണ്ടായിരത്തി എഴുന്നൂറിനു മുകളിലാണ്. കോവിഡ് രംഗത്തെ മുന്നണിപ്പോരാളികള്‍ എന്ന നിലയില്‍ ഈ കണക്കുകളെ നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്. വാക്സിന് വന്നതിനുശേഷം സ്ഥിതി ഏറെ മെച്ചപ്പെട്ടുവരുന്നു എന്നുള്ളത് ആശ്വാസം പകരുന്നു.
ആഗോളതലത്തില്‍ 27.8 മില്യണ്‍ നഴ്സുമാര്‍ ഉള്ളതായി ഐ.സി.എന്‍. കണക്കുകള്‍ പറയുന്നു. ഇത്രയും നഴ്സുമാര്‍ ഉള്ളപ്പോഴും 5.9 മില്യണ്‍ നഴ്സുമാരുടെ കുറവ് ഉണ്ടെന്നും 2030 ആകുമ്പോഴേക്കും ഇത് 13 മില്യണോളമായി ഉയരുമെന്നും ഇവര്‍ മുന്നറിയിപ്പ് നൽകുന്നു. നഴ്സിങ്ങിനോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനകാലവുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെയധികം മാറിയിട്ടുണ്ട്.
എന്നാൽ സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ വാര്‍ത്തകളില്‍ നിറയുമ്പോഴും സമൂഹവും മാധ്യമങ്ങളും ആതുരസേവനത്തിന്റെ കാവല്‍ മാലാഖ എന്നൊക്കെ വാഴ്ത്തുമ്പോഴും സേവന-വേതന വ്യവസ്ഥകളുടെ കാര്യത്തിലും തൊഴിലിടങ്ങളിലെ അംഗീകാരത്തിന്റെ കാര്യത്തിലും പലപ്പോഴും ഇവര്‍ പാര്ശ്വവല്ക്കരിക്കപ്പെട്ടവര് തന്നെയാണ് എന്നതാണ് യാഥാർഥ്യം.
ആധുനിക നഴ്സിങ്ങിന്റെ ശിൽപി എന്നറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജൻമദിനമായ മേയ് 12 ആണ് അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല