സ്വന്തം ലേഖകൻ: നഴ്സിങ്, മിഡ്വൈഫറി പ്രഥമ അന്താരാഷ്ട്ര സമ്മേളനത്തിന് ബഹ്റൈൻ വേദിയാവുമെന്ന് ബഹ്റൈൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ആരോഗ്യകാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ ഡിസംബറിലാണ് സമ്മേളനം നടക്കുക. ഗൾഫ് കൺവെൻഷൻ സെന്‍ററിൽ ഡിസംബർ 21 മുതൽ 23വരെ നടക്കുന്ന സമ്മേളനത്തിന് ആരോഗ്യ മന്ത്രാലയവും പങ്കാളികളാകും.
നഴ്സിങ്, മിഡ്വൈഫറി മേഖലയിൽ പ്രമുഖരായ 200ലധികം പേർ ഇതിൽ പങ്കെടുക്കും. വിവിധ പഠന സെഷനുകളും വൈജ്ഞാനിക ചർച്ചകളും സമ്മേളനത്തിന് മാറ്റുകൂട്ടും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 300ലധികം നഴ്സുമാരും മിഡ്വൈഫുമാരും സമ്മേളനത്തിൽ പങ്കെടുക്കും. നഴ്സിങ്, മിഡ്വൈഫറി മേഖലയുടെ ശാക്തീകരണത്തിനും നവീകരണത്തിനും സമ്മേളനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് കാല വെല്ലുവിളി ഏറ്റവും നന്നായി നേരിട്ട് വിജയം വരിക്കാൻ നഴ്സിങ് മേഖലക്ക് സാധിച്ചിട്ടുണ്ട്. 1996ലാണ് ബഹ്റൈനിൽ അവസാനമായി ഇത്തരമൊരു സമ്മേളനം നടന്നത്.
അതിനിടെ സൗദിയിൽനിന്നുള്ള യാത്രാനിരക്ക് വർധനയിലൂടെ പ്രവാസി മലയാളികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളുടെ ധിക്കാരപരമായ നടപടി അവസാനിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളും വിദേശകാര്യ മന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്ന് സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
മുമ്പുള്ള യാത്രാനിരക്കിനെക്കാൾ മൂന്നും നാലും ഇരട്ടിയിലധികമാണ് ഇപ്പോൾ വിമാന കമ്പനികൾ ഈടാക്കുന്നത്. ഇത് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ആരോഗ്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന നഴ്സുമാർ അടക്കമുള്ളവരെ സാരമായി ബാധിക്കുമെന്നും യാത്രാനിരക്ക് കുറക്കാനുള്ള അടിയന്തര നടപടി വിമാന കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും അസോസിയേഷൻ പ്രസിഡന്റ് സിഞ്ചു റാന്നി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും സിഞ്ചു വാർത്തകുറിപ്പിൽ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല