സ്വന്തം ലേഖകന്‍: രാജ്യാന്തര ബഹിരാകാശ നിലയത്തിനു പകരം ചന്ദ്രനെ ബഹിരാകാശ നിലയമായി ഉപയോഗ്ഗിക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ.) പദ്ധതിയിടുന്നു. ഫ്യൂച്ചര്‍ ഹെഡ്ഡായ പ്രഫ ജാന്‍ വോയ്‌നെറാണു പുതിയ പദ്ധതിയുടെ ഉപജ്ഞാതാവ്. 2024 ല്‍ ചന്ദ്രനില്‍ ബഹിരാകാശ നിലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കാനാണു നീക്കം.
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സാങ്കേതിക തകരാറുകള്‍ പതിവായതാണു മാറ്റത്തിനു ഇ.എസ്.എ. പ്രേരിപ്പിക്കുന്നത്. ടെലിടൂബീസ് ടിവി പരമ്പരയിലെ വീടുകളെ ഓര്‍മിപ്പിക്കും വിധമാണു ചന്ദ്രനിലെ ഇ.എസ്.എ. കേന്ദ്രം രൂപകല്‍പന ചെയ്തിരിക്കുന്നത്. ബിബിസിയിലെ കുട്ടികളുടെ ജനപ്രിയ പരിപാടിയാണ് ടെലിടൂബീസ്.
ലൂണാര്‍ വില്ല എന്ന പേരാണു ചന്ദ്രനിലെ ബഹിരാകാശ നിലയത്തിന് ഇ.എസ്.എ. പരിഗണിക്കുന്നത്. ഭൂമിക്ക് അഭിമുഖമായി വരാത്ത ചന്ദ്രനിലെ മേഖലയിലാകും ലൂണാര്‍വില്ല തയാറാക്കുക. ഇവിടെ ദൂരദര്‍ശിനികള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
എന്നാല്‍ ഇതിനു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടിവരും. രാജ്യാന്തര ബഹിരാകാശ നിലയത്തിനായി 7,27,500 കോടി രൂപയോളമാണു മുടക്കിയത്. ലൂണാര്‍വില്ലക്ക് ഇതിലേറെ പണം വേണ്ടിവരും. നിലവിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് രണ്ട് ദിവസം വേണം.
3,70,149.12 കിലോമീറ്റര്‍ സഞ്ചരിച്ചാലേ ചന്ദ്രനിലെത്താന്‍ കഴിയൂ. ആണവ റിയാക്ടറുകളുടെ സഹായത്തോടെ ഊര്‍ജാവശ്യം നിറവേറ്റാനാണു ശ്രമം.
അതേ സമയം ബഹിരാകാശ യാത്രാ രംഗത്ത് നിക്ഷേപം നടത്താന്‍ വിമാന നിര്‍മാതാക്കളായ എയര്‍ബസും രംഗത്തെത്തി. വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ക്കായുള്ള ഗവേഷണത്തിലാണ് എയര്‍ബസിന് താത്പര്യം. 2025 ല്‍ തങ്ങളുടെ ബഹിരാകാശ വാഹനം തയാറാകുമെന്ന് എയര്‍ബസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല