സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര യോഗാ ദിനം നാളെ ആഘോഷിക്കാനിരിക്കെ വിവാദങ്ങള്‍ക്കിടയിലും രാജ്യ വ്യാപക പരിപാടികള്‍ ഒരുക്കാനുള്ള ഓട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ലോകമെമ്പാടും അന്തര്‍ദേശീയ യോഗാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും വിപുലമായ പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. വിവിധ സംസ്ഥാന തലസ്ഥാനങ്ങളില്‍ നടക്കുന്ന യോഗാ പ്രദര്‍ശനത്തിന് കേന്ദ്രമന്ത്രിമാര്‍ നേതൃത്വം നല്‍കും.
രാജ്പഥില്‍ നടക്കുന്ന മെഗായോഗാ പ്രദര്‍ശനമാണ് രാജ്യത്തെ യോഗാദിനാചരണത്തിലെ മുഖ്യ പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 40000 പേര്‍ യോഗാ പ്രദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്. രാവിലെ 7 മുതല്‍ 7.35 വരെയുള്ള ചടങ്ങ് ഗിന്നസ് ബുക്കില്‍ ഇടംപിടിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന് സമാനമായ സുരക്ഷയിലാവും രാജ്പഥിലെ യോഗദിനാഘോഷം.
ചടങ്ങിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ഡല്‍ഹിയില്‍ അവസാനഘട്ടത്തിലാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും എന്‍സിസി കേഡറ്റുകളും ഉള്‍പ്പെടെ പതിനായിരത്തോളം പേര്‍ പങ്കെടുത്ത ഡ്രസ് റിഹേഴ്‌സല്‍ വെള്ളിയാഴ്ച്ച രാജ്പഥില്‍ നടന്നു. രാജ്പഥിന്റെ വിവിധ ഭാഗങ്ങളിലായി 23 കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാബാ രാംദേവ്, സ്വാമി ആത്മപ്രിയാനന്ദ തുടങ്ങിയ നാല് യോഗാ ആചാര്യന്മാര്‍ പ്രധാനമന്ത്രിക്കൊപ്പം പ്രത്യേകം തയ്യാറാക്കിയ വേദി പങ്കിടും.
50 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. രാജ്പഥും പരിസര പ്രദേശങ്ങളും കനത്ത സുരക്ഷാ വലയത്തിലാണ് ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. ദിനാചരണത്തിന്റെ ഭാഗമായി വിവിധ സംസ്ഥാന തലസ്ഥാനങ്ങളില്‍ യോഗാപ്രദര്‍ശനം നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല