സ്വന്തം ലേഖകന്‍: ഹോളിവുഡ് നടി മുതല്‍ ഇന്റര്‍പോള്‍ മേധാവി വരെ; ചൈന ‘കാണാതാക്കിയ’ പ്രമുഖരുടെ പട്ടിക നീളുന്നു. അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ മേധാവിയെ കാണാനില്ലെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഫ്രാന്‍സില്‍ നിന്ന് ചൈനയിലേക്ക് തിരിച്ച ഇന്റര്‍പോള്‍ മേധാവി മെങ് മെങ് ഹോങ്‌വെയിയെ കുറിച്ച് പിന്നീട് വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. അദ്ദേഹത്തെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു. ചൈനയിലെത്തിയ ശേഷമാണ് മെങ്ങിനെ കാണാതായതെന്നു സ്ഥിരീകരിച്ചിട്ടുമുണ്ട്.
ചൈനീസ് ഭരണകൂടത്തിന് അപ്രിയമായ എന്തോ ഒരു കാര്യം മെങ് ചെയ്തതായും അതിനാല്‍ ചൈനീസ് ഭരണകൂടത്തിന്റെ അറിവോടെയാണ് ഈ തിരോധാനമെന്ന അഭ്യൂഹവും ശക്തമാണ്. അടുത്ത കാലത്തായി ചെനയില്‍ വച്ച് അപ്രത്യക്ഷമാകുന്ന രണ്ടാമത്തെ പ്രശസ്തനാണ് മെങ് ഹോങ്‌വെ. പ്രശസ്ത നടി ഫാന്‍ ബിങ്ബിങ് ആണ് ഈ കണ്ണിയിലെ ആദ്യ വ്യക്തി. ജൂണില്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷയായ ഫാന്‍ ആദായ നികുതി വെട്ടിപ്പിനെ തുടര്‍ന്ന് അന്വേഷണം നേരിടുകയായിരുന്നു.
കേസില്‍ ഫാന്‍ ഉദ്യോഗസ്ഥരുടെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നത് മെങ് കാണാതായതിന്റെ രണ്ടു ദിവസം മുന്‍പു മാത്രമാണ്. ഹോളിവുഡ് ചിത്രങ്ങളില്‍ വരെ അഭിനയിച്ച ഫാനിന് നികുതിവെട്ടിപ്പ് ആരോപിച്ച് 70 ദശലക്ഷം ഡോളര്‍ പിഴയാണ് ആദായനികുതി വകുപ്പ് ചുമത്തിയിട്ടുള്ളത്. ഫാനിന്റെ തിരോധാനത്തിനു പിന്നില്‍ രാജ്യത്തെ ഔദ്യോഗിക സംവിധാനം തന്നെയാണെന്നു നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ പിടികൂടി കുറ്റം തെളിയിക്കാനായി വിപുലമായ അധികാരങ്ങളോടു കൂടിയ അഴിമതിവിരുദ്ധ അന്വേഷണ ഏജന്‍സിക്ക് ഷി ചിന്‍പിങ് ഈ വര്‍ഷം രൂപം നല്‍കിയിരുന്നു. അന്വേഷണ പരിധിയിലുള്ള ഉദ്യോഗസ്ഥര്‍ ഒരു മുന്നറിയുപ്പുമില്ലാതെ ആഴ്ചകളോ മാസങ്ങളോ അപ്രത്യക്ഷരാകും. പിന്നീടാകും അന്വേഷണ സംഘങ്ങളാണ് ഈ തിരോധാനങ്ങളുടെ പിന്നിലെന്ന കാര്യം ഔദ്യോഗികമായി പുറത്തുവരിക. നിരവധി ഉദ്യോഗസ്ഥ പ്രമുഖര്‍ ഇപ്രകാരം അപ്രത്യക്ഷരായതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല