1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2011

മോഹന്‍ലാല്‍ തന്നെ അത്ഭുതപ്പെടുത്തിയ നടനാണെന്ന് യുവതാരം കുഞ്ചാക്കോ ബോബന്‍. അദ്ദേഹത്തിന്‍റെ അഭിനയപ്രകടനം കണ്ട് പലപ്പോഴും താന്‍ ഞെട്ടിപ്പോയിട്ടുണ്ടെന്നും യുവ സൂപ്പര്‍സ്റ്റാര്‍ പറയുന്നു. “ലാലേട്ടന്‍റെ കൂടെ അഭിനയിക്കുമ്പോള്‍ ശരിക്കും നമ്മള്‍ ഞെട്ടിപ്പോകാറുണ്ട്. സെറ്റില്‍ നമ്മളോട് ചിരിച്ചും നമ്മളെ ചിരിപ്പിച്ചും നില്‍ക്കുന്നയാളാണ് ലാലേട്ടന്‍. എന്നാല്‍ സംവിധായകന്‍ ആക്ഷന്‍ പറഞ്ഞുകഴിഞ്ഞാല്‍ നിമിഷ വേഗതയില്‍ ക്യാരക്ടറായി മാറും. അവിടെയാണ് കൂടെ അഭിനയിക്കുന്ന നമ്മള്‍ പതറിപ്പോകുന്നത്. തൊട്ടുമുമ്പുള്ള ചിരിയില്‍ നിന്നും തമാശയില്‍ നിന്നും നമ്മള്‍ മോചിതരായിട്ടുണ്ടാവില്ല. സീരിയസായുള്ള ഒരു സീനിലാണ് അഭിനയിക്കുന്നതെങ്കില്‍ നമുക്ക് ചിരി അമര്‍ത്തിപ്പിടിക്കേണ്ടിവരും. ലാലേട്ടന്‍ തകര്‍ത്ത് അഭിനയിക്കുകയും ചെയ്യും. ഇത്ര പെട്ടെന്ന് ഒരു പരിവര്‍ത്തനം നടത്താന്‍ അദ്ദേഹത്തിന് എങ്ങനെ കഴിയുന്നു എന്ന് ആലോചിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന് അനുഗ്രഹിച്ചുകിട്ടിയ കഴിവാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്” – ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

“മോഹന്‍ലാലിന്‍റെ ഡബ്ബിംഗും എനിക്ക് അത്ഭുതം സമ്മാനിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ടെന്‍ഷനുള്ള ഒരു ഏരിയയാണ് ഡബ്ബിംഗ്. ഒരിക്കല്‍ ഞാന്‍ മദ്രാസില്‍ സ്റ്റുഡിയോയില്‍ ഡബ്ബ് ചെയ്യാന്‍ ചെല്ലുമ്പോള്‍ സ്റ്റുഡിയോയ്ക്കുള്ളില്‍ ലാലേട്ടന്‍ ഡബ്ബ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഡബ്ബിംഗ് കാണുകയും കൂടി ചെയ്യാമല്ലോ എന്നുകരുതി ഞാന്‍ സ്റ്റുഡിയോയ്ക്കുള്ളില്‍ കയറിച്ചെന്നു. ലാലേട്ടന്‍ വളരെ കൂളായി ചമ്രം പടഞ്ഞിരുന്ന് ഡബ്ബ് ചെയ്യുന്നു. ഞാന്‍ അമ്പരന്നുപോയി. കാരണം എനിക്ക് പണ്ടും ഇന്നും ഇരുന്നുകൊണ്ട് ഡബ്ബ് ചെയ്യാനറിയില്ല. ഡബ്ബ് ചെയ്യുമ്പോള്‍ എനിക്ക് നിര്‍ബന്ധമായും നില്‍ക്കണം.” – കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തി.

ഫാസിലിന്‍റെ സിനിമയിലൂടെ അഭിനയരംഗത്തെത്തി എന്നതാണ് മോഹന്‍ലാലിന്‍റെയും കുഞ്ചാക്കോ ബോബന്‍റെയും അഭിനയജീവിതത്തിലെ സമാനത. ഹരികൃഷ്ണന്‍സ്, കിലുക്കം കിലുകിലുക്കം എന്നീ സിനിമകളില്‍ ഇവര്‍ ഒന്നിച്ചു. കിരീടം, പവിത്രം, രാജാവിന്‍റെ മകന്‍, ബോയിംഗ് ബോയിംഗ്, കിലുക്കം തുടങ്ങിയവയാണ് ചാക്കോച്ചന് പ്രിയപ്പെട്ട ലാല്‍ സിനിമകള്‍. “ലാലേട്ടനെ വളരെ അടുത്ത ഒരാളായി പലര്‍ക്കും തോന്നാം. വളരെ ഫ്രീയായി പെട്ടെന്ന് അടുക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്‍റേത്. ഈസിയായുള്ള സംസാരവും പെരുമാറ്റവുമാണ് ലാലേട്ടനുള്ളത്” – കുഞ്ചാക്കോ ബോബന്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.