സ്വന്തം ലേഖകൻ: കാനഡ അതിര്‍ത്തിയില്‍ നിന്ന് യുഎസിലേക്ക് ഇന്ത്യക്കാരെ കടത്തുന്നതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചില കനേഡിയന്‍ കോളേജുകളുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു.
ഗുജറാത്തില്‍നിന്നുള്ള നാലംഗ ഇന്ത്യന്‍ കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. 2022 ജനുവരി 19ന് കാനഡ-യുഎസ് അതിര്‍ത്തിയില്‍ അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാലുപേരും കൊടുംതണുപ്പിനെ തുടര്‍ന്ന് മരിച്ചത്.
വിഷയത്തില്‍ മുഖ്യപ്രതിയായി ഉയര്‍ന്നുവന്ന ഭവേഷ് അശോക്ഭായ് പട്ടേലിനും മറ്റു ചിലര്‍ക്കും എതിരെ അഹമ്മദാബാദ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലാണ് കള്ളപ്പണമിടപാട് സംബന്ധിച്ചും പരാതിയുള്ളത്.
വലിയൊരു റാക്കറ്റാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍. യുഎസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ആളുകളെ കണ്ടെത്തി കാനഡ ആസ്ഥാനമായുള്ള കോളേജുകളിലും സര്‍വ്വകലാശാലകളിലും അഡ്മിഷന് ഏര്‍പ്പാട് ചെയ്യുന്നതാണ് ആദ്യഘട്ടം. തുടര്‍ന്ന് സ്റ്റുഡന്റ് വീസയിൽ കാനഡയില്‍ ഇവരെ എത്തിക്കും. തുടര്‍ന്ന് കോളേജുകളില്‍ ചേരുന്നതിന് പകരം നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കുകയാണ് ചെയ്യുന്നതെന്ന് അന്വേഷണ ഏജന്‍സി പറയുന്നു.
ഇത്തരത്തില്‍ ഒരാളില്‍ നിന്ന് 55 ലക്ഷം മുതല്‍ 60 ലക്ഷം രൂപവരെയാണ് ഈടാക്കിയിരുന്നത്. ഡിസംബര്‍ 10, 19 തീയതികളിലായി മുംബൈ, നാഗ്പുര്‍, ഗാന്ധിനഗര്‍, വഡോദര എന്നിവിടങ്ങളിലെ എട്ട് സ്ഥലങ്ങളില്‍ ഈ കേസുമായി ബന്ധപ്പെട്ട് റെയ്ഡ നടത്തിയതായി ഇ.ഡി.അറിയിച്ചു.
മുംബൈയിലും നാഗ്പൂരിലും നടത്തിയ റെയ്ഡില്‍, കമ്മിഷന് അടിസ്ഥാനത്തില്‍ വിദേശ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ ഇന്ത്യക്കാരെ പ്രവേശിപ്പിക്കുന്നതിന് ‘കരാര്‍’ ഉണ്ടാക്കിയതായി ഇ.ഡി.കണ്ടെത്തി. ഓരോ വര്‍ഷവും ഏകദേശം 35000 ത്തോളം വിദ്യാര്‍ത്ഥികളെ ഇന്ത്യയ്ക്ക് പുറത്തുള്ള വിവിധ കോളേജുകളിലേക്ക് റഫര്‍ ചെയ്തതായാണ് കണ്ടെത്തല്‍.
ഈ റാക്കറ്റില്‍ ഗുജറാത്ത് കേന്ദ്രീകരിച്ച് മാത്രം ഏകദേശം 1,700 ഓളം ഏജന്റുമാരുണ്ട്. ഇന്ത്യയിലുടനീളം 3,500 ഏജന്റുമാരും അതില്‍ 800 ഓളം പേര് സജീവമാണെന്നും കണ്ടെത്തിയതായി ഇ.ഡി.പറയുന്നു.
കാനഡ ആസ്ഥാനമായുള്ള 112 കോളേജുകള്‍ ഒരു സ്ഥാപനവുമായും 150ലധികം കോളേജുകള്‍ മറ്റൊരു സ്ഥാപനവുമായും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതായും ഇ.ഡി.വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇതില്‍ പങ്കാളിയായ 262 കോളേജുകളും യുഎസ്-കാനഡ അതിര്‍ത്തിക്ക് സമീപം പ്രവര്‍ത്തിക്കുന്നവയാണെന്നും ഇ.ഡി.സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഏജന്‍സി വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല