സ്വന്തം ലേഖകൻ: സ്മാര്‍ട്‌ഫോണുകളുടെ സ്‌ക്രീന്‍ വലിപ്പം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്‌ക്രീന്‍ നോച്ചും, ഇന്‍വിസിബിള്‍ ക്യാമറയുമെല്ലാം രംഗപ്രവേശം ചെയ്യുന്നതിന് വഴിവെച്ചത്. നോച്ച് സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത് ഐഫോണ്‍ ടെന്നില്‍ ആണെങ്കിലും പിന്നീട് മൂന്ന് തലമുറ ഐഫോണ്‍ പരമ്പരകള്‍ ഇറങ്ങിയിട്ടും അന്ന് അവതരിപ്പിച്ച നോച്ചില്‍ നിന്ന് കാര്യമായ മാറ്റം ഇതുവരെ വന്നിട്ടില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ചും, പഞ്ച് ഹോളും, ഇന്‍വിസിബിള്‍ ക്യാമറയും പോപ് അപ്പ് ക്യാമറയുമെല്ലാം അതിവേഗം പരീക്ഷിച്ച് മുന്നേറുകയും ചെയ്തു.
അടുത്തിടെ പുറത്തിറക്കിയ ഐഫോണ്‍ 13 ലെ നോച്ചിലും കാര്യമായ മാറ്റം വരുത്താന്‍ ആപ്പിള്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഇനി വരാന്‍ പോവുന്ന ഐഫോണ്‍ 14 ലെ പ്രധാന മാറ്റങ്ങളിലൊന്ന് സ്‌ക്രീന്‍ നോച്ച് തന്നെയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 14 ല്‍ നോച്ചിന് പകരം പഞ്ച് ഹോള്‍ ഡിസ്‌പ്ലേ ആയിരിക്കുമെന്നും 48 മെഗാപിക്‌സല്‍ വൈഡ് ലെന്‍സ് റിയര്‍ ക്യാമറ സംവിധാനത്തിലുണ്ടാകുമെന്നുമാണ് ആപ്പിള്‍ അനലിസ്റ്റായ മിങ് ചി കുവോയുടെ അഭിപ്രായപ്പെടുന്നത്.
ഫോണിന്റെ സ്‌ക്രീനില്‍ സെല്‍ഫി ക്യാമറ സ്ഥാപിക്കുന്നതിനായി ചെറിയൊരു വൃത്തം മാത്രം ഒഴിച്ചിടുന്നതിനെയാണ് പഞ്ച് ഹോള്‍ ഡിസൈന്‍ എന്ന് പറയുന്നത്. നിലവില്‍ ഫോണിന്റെ നോച്ചില്‍ നല്‍കിയിരിക്കുന്ന ഫെയ്‌സ് ഐഡി സെന്‍സറുകളും മറ്റും പഞ്ച് ഹോള്‍ സ്‌ക്രീനിന്റെ അടിയിലേക്ക് മാറും. സാംസങിന്റെ പല ഫോണുകളിലും ഈ രീതിയിലാണ് സെല്‍ഫി ക്യാമറ സ്ഥാപിക്കുന്നത്.
ഐഫോണ്‍ 13 ല്‍ 12 മെഗാപിക്‌സല്‍ സെന്‍സറുകളുള്ള ട്രിപ്പിള്‍ ക്യാമറ മോഡ്യൂള്‍ ആണുള്ളത്. ഇതില്‍ നിന്നും 48 എംപി ക്യാമറയിലേക്ക് അടുത്ത ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുമെന്നും കുവോ നിരീക്ഷിക്കുന്നു. പതിവുപോലെ അടുത്ത വര്‍ഷവും സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തോടെ ആയിരിക്കും ഐഫോണ്‍ 14 സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുക. കൂടാതെ മൂന്നാം തലമുറ ഐഫോണ്‍ എസ്ഇ 5ജിയും അടുത്തവര്‍ഷം അവതരിപ്പിക്കുമെന്നും കുവോ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല