ഐഫോണ്‍ 5വിനായി ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന ആദ്യദിവസമായ വെളളിയാഴ്ച മാത്രം ലഭിച്ചത് 2 മില്യണിന്റെ ഓര്‍ഡറുകള്‍. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 4Sനായി ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിച്ചപ്പോള്‍ ലഭിച്ച ഒരു മില്യണിന്റെ റിക്കോര്‍ഡാണ് ഐഫോണ്‍ 5 തകര്‍ത്തിരിക്കുന്നത്. ഓര്‍ഡറുകളിലെ വന്‍ വര്‍ദ്ധനവ് കാരണം കമ്പനി മുന്‍പ് പ്രഖ്യാപിച്ചത് പോലെ ഓര്‍ഡറുകള്‍ നല്കിയ എല്ലാവര്ക്കും ഈ മാസം തന്നെ ഫോണ്‍ എത്തിക്കാനാകില്ലെന്ന് ആപ്പിള്‍ അധികൃതര്‍ അറിയിച്ചു.
ബ്രിട്ടന്, അമേരിക്ക അടക്കമുളള ഒന്‍പത് രാജ്യങ്ങളിലാണ് വെളളിയാഴ്ച മുതല്‍ ഐഫോണ്‍ 5 വില്‍പ്പനയ്ക്ക് എത്തി തുടങ്ങിയത്. മറ്റ് 22 രാജ്യങ്ങളില്‍ ഈയാഴ്ച തന്നെ ഐഫോണ്‍ 5 വില്‍പ്പനയ്ക്ക് എത്തും. എന്നാല്‍ കണക്കുകള്‍ വ്യക്തമാകുന്നത് അനുസരിച്ച് ഇതില്‍ ചെറിയൊരു ശതമാനം ആളുകള്‍ മാത്രമേ ആപ്പിളിന്റെ ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കിലെ സ്റ്റോറില്‍ കാത്ത് നിന്ന് ഐ ഫോണ്‍ സ്വന്തമാക്കിയിട്ടുളളൂ. കൂടുതല്‍ ആളുകളും ആപ്പിളിന്റെ പ്രോഡക്ട് ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന പ്രീ- ഓര്‍ഡര്‍ മെതേഡ് വഴിയാണ് ഐഫോണിന് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
ഐഫോണ്‍5 വിനെ കുറിച്ച് ഉപഭോക്താക്കള്‍ക്കുളള പ്രതീക്ഷകള്‍ക്ക് നിറം പകരുന്നതാണ് ആപ്പിളിന്റെ പുതിയ പ്രോഡക്ട് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ആപ്പിളിന്റെ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന പ്രോഡക്ടായ ഐഫോണിന്റെ വില്‍പ്പന കഴിഞ്ഞ വര്‍ഷം അവസാന പാദത്തോടെ 35 മില്യണില്‍ നിന്ന് 26 മില്യണായി കുറഞ്ഞിരുന്നു. പുതിയ പ്രോഡക്ട് വിപണിയില്‍ പച്ചപിടിക്കുമോ എന്ന സംശയവും മാര്‍ക്കറ്റിംഗ് വിദഗ്ദ്ധര്‍ പങ്കുവെച്ചിരുന്നു- പ്രത്യേകിച്ച് ആപ്പിളിന്റെ എല്ലാമെല്ലാമായിരുന്ന സ്റ്റീവ് ജോബ്സ് മരിച്ച സാഹചര്യത്തില്‍.
എന്നാല്‍ എല്ലാ ആശങ്കളേയും അസ്ഥാനത്താക്കുന്ന വില്‍പ്പനയാണ് ഐഫോണ്‍ 5 വിന്റേത്. ഈ മാസം അവസാനത്തോടെ ഒന്‍പത് മില്യണും പത്ത് മില്യണും ഇടയ്്ക്ക് ഫോണ്‍ വില്‍ക്കാനാകുമെന്നാണ് വിദഗ്ദ്ധരുടെ പ്രതീക്ഷ. ബ്ലൂംബെര്‍ഗിലെ നിരീക്ഷകരുടെ സര്‍വ്വേ അനുസരിച്ച് ക്രിസ്തുമസിന് 50 മില്യണ്‍ ഐഫോണ്‍5 വിറ്റഴിക്കപ്പെടുമെന്നാണ് കരുതുന്നത്.
ഐഫോണ്‍5 ഹിറ്റായതോടെ ആപ്പിളിന്റെ ഓഹരി വില 700 ഡോളര്‍ വരെ എത്തി. പിന്നിട് 1.2 ശതമാനം ഇടിഞ്ഞ് 699.78 ഡോളറില്‍ ക്ലോസ് ചെയ്തു. 1990കളില്‍ കടം കാരണം ജപ്തി ഭീഷണി നേരിട്ട കമ്പനിയാണ് ഇന്ന് വിപണിയിലെ എഴുപത് ശതമാനവും കൈയ്യടക്കികൊണ്ട് ലോകത്തെ ഏറ്റവും വലിയ കമ്പനിയായത്. 650 ബില്യണ്‍ ഡോളറാണ് ആപ്പിളിന്റെ ആസ്തി. എന്നാല്‍ ആപ്പിള്‍ അതിന്റെ വളര്‍ച്ചയുടെ പാരമ്യതയിലേക്ക് കുതിക്കുകയാണന്നും ഒരു പരിധി കഴിഞ്ഞാല്‍ എല്ലാ വലിയ കമ്പനികളേയും പോലെ വളരാന്‍ കഴിയാതെ ആകുമെന്നും നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഐഫോണ്‍5 വിന്റെ വരവോടെ ആപ്പിളിന്റെ പ്രധാന എതിരാളികളായ സാംസംഗ് വന്‍ പരസ്യപ്രചാരണമാണ് അമേരിക്കയിലെ മാധ്യമങ്ങളില്‍ നടത്തുന്നത്. സാംസംഗിന്റ ഗാലക്സ് sIII യേക്കാള്‍ മെച്ചപ്പെട്ടതല്ല ഐ ഫോണ്‍ 5 എന്നതാണ് സാംസംഗിന്റെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല