സ്വന്തം ലേഖകന്‍: ഫേസ് ഐഡിയും വയര്‍ലെസ് റിചാര്‍ജും കിടിലന്‍ ഡിസ്‌പ്ലേയുമായി ആപ്പിള്‍ പുത്തന്‍ ഐഫൊണ്‍ മോഡലുകള്‍ അവതരിപ്പിച്ചു, ആരാധകരെ ഞെട്ടിച്ച് ഐഫോണ്‍ എക്‌സ്. ഏറെ നാളത്തെ കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും അറുതി വരുത്തി ഐഫോണ്‍ 8 ഉം 8 പ്ലസും മോഡലുകള്‍ ആപ്പിള്‍ അവതരിപ്പിച്ചപ്പോള്‍ പ്രതീക്ഷിച്ചതുപോലെ തന്നെ ഐഫോണ്‍ 8 4.7 ഇഞ്ച് ഡിസ്‌പ്ലേയോടും ഐഫോണ്‍ 8 പ്ലസ് 5.5 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് എത്തിയത്. രണ്ടു മോഡലുകളിലും ഇത്തവണയും ഹെഡ്‌ഫോണ്‍ ജാക്ക് ഉള്‍പ്പെടുത്തിയിട്ടില്ല.
ഐഫോണ്‍ 7നേക്കാളും 30% പ്രവര്‍ത്തന മികവാണ് ഫോണിനുള്ളത്. ശബ്ദമികവും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഐഫോണ്‍ 8ന് ഒരു ക്യാമറയാണ് പിന്‍ഭാഗത്തുള്ളത്. 12 മെഗാപിക്‌സലാണ് ക്യാമറ. 8 പ്ലസിന് രണ്ട് 12 മെഗാ പിക്‌സല്‍ ക്യാമറകളാണുള്ളത്. ഒരു മൊബൈലില്‍ ഉപയോഗിച്ചിരിക്കുന്ന ഏറ്റവും ശക്തമായ പ്രൊസസ്സര്‍, ഏറ്റവും കാഠിന്യമേറിയ ഡിസ്‌പ്ലേ ഗ്ലാസ് എന്നിങ്ങനെ നിരവധി പ്രത്യേകതകളാണ് ആപ്പിളിന്റെ പുതിയ അവതാരം അവകാശപ്പെടുന്നത്.
ഐഫോണ്‍ ആരാധകര്‍ കാത്തിരുന്ന ഫീച്ചറായ വയര്‍ലെസ്സ് ചാര്‍ജ്ജിംഗ് സംവിധാനം ഇത്തവണ ഐഫോണിലുണ്ട്. കമ്പനിയുടെ പുത്തന്‍ ഉത്പ്പന്നങ്ങള്‍ അവതരിപ്പിക്കുന്ന ചടങ്ങില്‍ ആദ്യം എത്തിയത് ആപ്പിള്‍ വാച്ചാണ്. മൂന്നാം തലമുറ ആപ്പിള്‍ വാച്ചുകളുടെ ഏറ്റവും വലിയ പ്രത്യേകത സിം ഉപയോഗിക്കാം എന്നതാണ്. അതായത് ആപ്പിള്‍ ഫോണുമായി ബന്ധിപ്പിക്കാതെ സ്വതന്ത്രമായി വാച്ച് ഉപയോഗിക്കാം. 4ജി വോയ്‌സ് ഓവര്‍ എല്‍ടിഇ സംവിധാനം വാച്ചിനുണ്ട്.
തുടര്‍ന്ന് കിടിലന്‍ സവിശേഷതകളോടെ ഐഫോണ്‍ 8 എന്നും 8 പ്ലസും അവതരിപ്പിച്ച ആപ്പിള്‍ ഒരു സംഗതി കൂടി എന്ന മുഖവുരയ്ക്കു ശേഷം ആപ്പിള്‍ എക്‌സ് അവതരിപ്പിക്കുകയായിരുന്നു. ഐഫോണ്‍ അവതരിപ്പിച്ചിട്ട് 10 വര്‍ഷം തികയുമ്പോള്‍ ആരാധകര്‍ക്ക് കമ്പനിയുടെ പിറന്നാള്‍ സമ്മാനമാണ് ലോകത്തെ ഏറ്റവും മികച്ചതും ആധുനികവുമായ മൊബൈല്‍ ഫോണ്‍ എന്ന് അവകാശപ്പെടുന്ന ഐഫോണ്‍ എക്‌സ്. ഏറ്റവും മികച്ച സെന്‍സറുകളും ഒഴുകിയിറങ്ങുന്ന ഡിസ്‌പ്ലേയും ഫേസ് ഐഡിയുമൊക്കെയായി നാളെയുടെ ഫോണാണ് എക്‌സ്.
ആപ്പിള്‍ ഭാവിയുടെ ഫോണായി വാഴ്ത്തുന്ന എക്‌സില്‍ പഴയ ടച്ച് ഐഡി സംവിധാനത്തിനു പകരം മുഖം തിരിച്ചറിഞ്ഞ് അണ്‍ലോക്കാവുന്ന ഫേസ് ഐ.ഡിയാണ് ഐഫോണ്‍ എക്‌സിന്റെ പ്രധാന പ്രത്യേകത. മൂന്ന് മോഡലുകളും 64 ജി.ബി 256 ജി.ബി വേരിയന്റുകളിലായിരിക്കും വിപണിയിലെത്തുക. ഐഫോണ്‍ എട്ടിന്റെ വില തുടങ്ങുന്നത് 699 ഡോളറിലാണ് 8പ്ലസിന് 799 ഡോളറും നല്‍കണം. ഐഫോണ്‍ എക്‌സിന് 999 ഡോളറുമായിരിക്കും വില. സെപ്തംബറില്‍ 15ന് ഐഫോണ്‍ എട്ട്, എട്ട് പ്ലസ് എന്നീ ഫോണുകളുടെ പ്രീ ബുക്കിങ് ആരംഭിക്കും. ഐഫോണ്‍ എക്‌സിന്റെ ബുക്കിങ് ഒക്‌ടോബറിലായിരിക്കും ആരംഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല